തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനാലാണ് നിയമസഭാ പ്രിവിലജസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വാർത്താലേഖകരോട് പറഞ്ഞു.
പരാതിയിലും മന്ത്രിയുടെ വിശദീകരണത്തിലും അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുണ്ട്. രണ്ട് പക്ഷത്തിന്റെയും ഭാഗം വിശദമായി കേട്ട് മറുപടി തയാറാക്കാനാണ് സമിതിക്ക് വിട്ടത്. സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടതുവഴി ധനമന്ത്രി ചട്ടലംഘനം നടത്തിയെന്നാണ് പരാതിക്കാരനായ അംഗം ആരോപിച്ചത്. റിപ്പോർട്ടിലെ ക്രമത്തെക്കുറിച്ച് ധനമന്ത്രിയും ചില ആരോപണങ്ങളുന്നയിച്ചു. ഇതെല്ലാം സമിതി പരിശോധിക്കട്ടെ.
ഐക്യകേരളമുണ്ടായ ശേഷം,ഒരു മന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയിലെത്തുന്നത് ഇതാദ്യമാണ്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടല്ല പരാതി സമിതിക്ക് വിടാൻ തീരുമാനിച്ചത്. നിയമസഭാചട്ടങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർ കൈക്കൊണ്ട നടപടിയാണിത്. സ്പീക്കർക്ക് പ്രത്യേക അധികാരങ്ങളില്ല. നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് പ്രവർത്തിക്കുക.
ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണാനുമതിയുടെ പേരിൽ തനിക്കെതിരെ വിമർശനം സ്വാഭാവികമാണെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ എം.എൽ.എമാരായ വി.ഡി. സതീശനും അൻവർ സാദത്തിനുമെതിരായ വിജിലൻസന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയിൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വിജിലൻസിന് കത്തയച്ചിട്ടുണ്ട്. അത് ലഭിച്ചാലേ നടപടിയെടുക്കൂ. സി.എ.ജി റിപ്പോർട്ട് പുറത്ത് വരാതിരിക്കെ, അതിൽ അന്വേഷണം നടത്താനുള്ള ഇ.ഡിയുടെ നീക്കവുമായി ബന്ധപ്പെട്ട് എം. സ്വരാജ് നൽകിയ അവകാശലംഘന പരാതിയിൽ ധനവകുപ്പിന്റെ വിശദീകരണം ലഭിച്ച ശേഷം തീരുമാനമെടുക്കും.