കൊല്ലം: സംസ്ഥാന സർക്കാരിനെയും ഇടത് മുന്നണിയെയും വിമർശിക്കുന്നവർക്ക് സർക്കാരിന്റെ വികസന പദ്ധതികൾ നിരത്തി മറുപടി നൽകുകയാണ് എൽ.ഡി.എഫ് പ്രവർത്തകർ. വാർഡ് തലങ്ങളിൽ പരമാവധി കുടുംബ യോഗങ്ങളാണ് ലക്ഷ്യമിടുന്നത്. പത്ത് മുതൽ 15 വരെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗങ്ങളിൽ മുതിർന്ന നേതാക്കൾ, ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങി സ്വാധീനം ചെലുത്താൻ കഴിയുന്നവരാണ് പങ്കെടുക്കുന്നത്.
കുട്ടികൾ മുതൽ വയോജനങ്ങൾ വരെ പരമാവധി 30 പേർ പങ്കെടുക്കുന്ന കുടുംബ യോഗങ്ങൾ തുറന്ന ചർച്ചകളുടെയും വേദിയാകുന്നുണ്ട്. പങ്കെടുക്കുന്ന എല്ലാവരിലേക്കും വികസന പദ്ധതികൾ, അതിന്റെ നേട്ടങ്ങൾ തുടങ്ങി സർക്കാരിന്റെ മികവും തദ്ദേശ സ്ഥാപനങ്ങളുടെ മികവും എത്തിക്കാനാകുന്നുണ്ടെന്നാണ് പ്രതീക്ഷ. പരമാവധി കുടുംബ യോഗങ്ങൾ പൂർത്തിയാകുന്നതോടെ വിമർശനങ്ങളെ മറികടന്ന് വിജയിക്കാൻ കഴിയുമെന്നാണ് പ്രവർത്തകർ വിലയിരുത്തുന്നത്.
വീട് വീടാന്തരം യുവസംഘം
വീടുകൾ കയറി വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിലും ഇടത് മുന്നണി സംഘടനാ ശേഷിയുടെ മികവ് ഉപയോഗിക്കുന്നുണ്ട്. വിദ്യാർത്ഥികൾ, യുവാക്കൾ, വനിതകൾ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തകരുടെ സംഘങ്ങളാണ് പലപ്പോഴായി വോട്ട് തേടി വീടുകളിലെത്തുന്നത്. വിദ്യാർത്ഥികൾ വോട്ട് തേടുമ്പോൾ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളാണ് പറയുന്നത്. വിവിധ മേഖലകളിലെ മാറ്റങ്ങളും വികസനങ്ങളും ഇത്തരത്തിൽ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
പ്രകടനപത്രിക, വികസന രേഖ
ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിൽ 74 ഇടത്തും ഇടത് മുന്നണിയാണ് അധികാരത്തിൽ. അതിനാൽ സംസ്ഥാന സർക്കാരിന്റെ വികസന രേഖയ്ക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ വികസന പദ്ധതികളും ഇടത് മുന്നണി വലിയ
തോതിൽ ചർച്ചയാക്കുന്നു. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രകടന പത്രികയും പുറത്തിറക്കിയിട്ടുണ്ട്.