കൊല്ലം: വെറുതെ വീടുകയറുന്നതല്ല ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം. വിജയമുറപ്പിക്കാൻ ഉത്തരേന്ത്യൻ മാതൃകയിൽ അടിത്തട്ട് സജീവമാക്കിയിരിക്കുകയാണ്. താഴെത്തട്ടിൽ എന്ത് നടക്കുന്നുവെന്ന് മേൽത്തട്ട് അപ്പപ്പോൾ അറിയുന്നുണ്ട്.
'ഗഡ'കളാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകം. കൂട്ടം എന്നാണ് ഈ ഹിന്ദി വാക്കിന്റെ അർത്ഥം. വോട്ടർ പട്ടികയുടെ ഒരു പേജിൽ ആകെ വരുന്ന 24 വോട്ടർമാർ ഉൾപ്പെടുന്നതാണ് ഒരു ഗഡ. ഇതിന് മുകളിൽ ബൂത്ത് അടിസ്ഥാനത്തിൽ 24 അംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റിയിൽ നിന്ന് വോട്ടർപട്ടികയിലെ ഓരോ പേജിനും ഒരാൾക്ക് ചുമതല നിശ്ചയിട്ടുണ്ട്. പേജ് പ്രമുഖ് എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. പേജ് പ്രമുഖിനാണ് ഗഡകളുടെ ചുമതല. വോട്ട് തേടി വീടുകയറി ഇറങ്ങുമ്പോൾ ഗഡയിലെ ഓരോ വോട്ടറുടെയും മനസ് പേജ് പ്രമുഖ് പഠിക്കും. വൈകിട്ട് ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റിയിലെ ഓരോ ഗഡയിലും നടന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ താമരയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യും. തൊട്ടടുത്ത ദിവസം അത് പയറ്റും.
പഞ്ചായത്ത് തല സമിതികളാണ് മൂന്നാമത്തെ ഘടകം. അതിന് മുകളിൽ മണ്ഡലം പ്രഭാരിമാരുണ്ട്. ബി.ജെ.പി ജില്ലാ ഭാരവാഹികളെയാണ് മണ്ഡലം പ്രഭാരിമാരായി നിയോഗിച്ചിരിക്കുന്നത്. 'ഗഡ'കളിൽ നടക്കുന്ന പ്രവർത്തനം എല്ലാ ദിവസവും മണ്ഡലം പ്രഭാരിമാർ ശേഖരിക്കും. ഇവ ക്രോഡീകരിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റിനും തിരഞ്ഞെടുപ്പ് ഏകോപന ചുമതലയുള്ള ആർ.എസ്.എസ് വിഭാഗ് കാര്യവാഹകിനും കൈമാറും.
ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ ഗഡ തിരിച്ചുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നു. ദുർബല മേഖലകളിൽ ബൂത്ത് തല മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. മൂന്ന് റൗണ്ട് ഗൃഹസമ്പർക്കം എല്ലാ ബി.ജെ.പി സ്ഥാനാർത്ഥികളും നടത്തിക്കഴിഞ്ഞുവെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. വരും ദിവസങ്ങളിൽ ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാൻ വീണ്ടും വീടുകൾ കയറിയിറങ്ങും.