വിളിച്ചത് കാർഗോ പരിശോധിക്കാതെ വിടാൻ
കൊച്ചി: യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗുകൾ പരിശോധനയില്ലാതെ വിട്ടുകിട്ടാൻ മൂന്നുനാലുതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികാരത്തിൽ എം. ശിവശങ്കർ വിളിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
കഴിഞ്ഞ നവംബർ പത്തിന് കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ജയിലിൽ ഇ.ഡി ചോദ്യംചെയ്തപ്പോഴാണ് സ്വപ്ന മൊഴിനൽകിയത്. തുടർന്ന് കസ്റ്റംസ് അസസ്മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥയുടെ മൊഴിയും രേഖപ്പെടുത്തി. സ്വർണക്കടത്തു കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി സമർപ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത അനുബന്ധ കുറ്റപത്രത്തിൽ ശിവശങ്കറിനെ പ്രതിചേർത്തു പങ്കാളിത്തം വിശദീകരിക്കും.
2019 ഏപ്രിലിൽ, യു.എ.ഇ കോൺസുലേറ്റിലേക്കുള്ള കാർഗോകളെല്ലാം പരിശോധിച്ച ശേഷമേ വിട്ടുനൽകാവൂവെന്ന് ഈ ഉദ്യോഗസ്ഥ നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് കൊച്ചി ഫ്രൈറ്റ് സ്റ്റേഷനിലെ അപ്രൈസറിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കാർഗോ തുറന്നുനോക്കാതെ വിട്ടുനൽകിയെന്നാണ് അപ്രൈസറുടെ മൊഴി. ഇതെന്തുകൊണ്ടാണെന്നും പരിശോധിക്കുകയാണ്. ഇതിനായി ക്ളിയറിംഗ് ഏജന്റിനെയും വിളിച്ചുവരുത്തി. കാർഗോയിൽ എന്തായിരുന്നെന്ന് കണ്ടെത്തേണ്ടതുണ്ട്. ക്ളിയറിംഗ് ഏജന്റിനെക്കുറിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.
ഔദ്യോഗികപദവി ദുരുപയോഗം ചെയ്താണ് കാർഗോ വിട്ടുനൽകാൻ ശിവശങ്കർ ഇടപെട്ടത്. ശിവശങ്കർ ഇടപെട്ടതിലൂടെ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസിൽ വലിയ സ്വാധീനമുണ്ടെന്ന സന്ദേശമാണ് നൽകിയത്. യു.എ.ഇ കോൺസുലേറ്റിലേക്കുള്ള ബാഗുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നെങ്കിലും ശിവശങ്കറിന്റെ ഇടപെടലുകൾ കാർഗോകൾ പരിശോധനയില്ലാതെ കടത്തിവിടാൻ ഇടയാക്കിയെന്നും ഇ.ഡി ബോധിപ്പിച്ചു.
വാട്സ്ആപ്പ് തെളിവാക്കി ഇ.ഡി
സ്വപ്നയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ സ്വർണക്കടത്തിലും കോഴയിടപാടുകളിലും ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു
സ്വപ്നയ്ക്കുവേണ്ടി ലോക്കർ എടുത്തു നൽകിയതിലുൾപ്പെടെ ശിവശങ്കറിന്റെ ഇടപെടലുകൾ വാട്സ് ആപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തം