ശബരിമല: സന്നിധാനത്തെ ദേവസ്വം ജീവനക്കാർക്കിടയിൽ ഇന്നലെ നടത്തിയ പരിശോധയിൽ ശബരിമല എക്സിക്യൂട്ടീവ് ഒാഫീസർ ഉൾപ്പെടെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുമൂലം അസി. എക്സിക്യൂട്ടീവ് ഒാഫീസർ ഗോപന് എക്സിക്യൂട്ടീവ് ഒാഫീസറുടെ അധിക ചുമതല നൽകി. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശബരിമലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞുപോയ പൊലീസിന്റെ ആദ്യ ബാച്ചിലുള്ളവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലത്തുനിന്ന് വന്ന പൊലീസുകാർ തിരികെ മടങ്ങുംവഴി നിലയ്ക്കലിൽ നടത്തിയ പരിശോധയിലാണ് രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസിന്റെ ഒാൺലൈൻ സംവിധാനത്തിലൂടെ അധികമായി പ്രവേശിപ്പിക്കാൻ അനുമതി നൽകിയ 1000 പേർക്കുകൂടി ദർശനം നടത്താനുള്ള വെർച്വൽക്യൂ ബുക്കിംഗ് ഇന്നലെ വൈകിട്ട് ആരംഭിച്ചു. നാളെ മുതൽ സാധാരണ ദിവസങ്ങളിൽ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 പേർക്കും ദർശനം നടത്താം.40 ശതമാനത്തോളം ആളുകൾക്ക് അധികമായി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ബുക്ക് ചെയ്യുന്നവർക്ക് എത്താൻ കഴിയാതെവന്നാൽ പകരം സംവിധാനം എന്ന നിലയിലാണ് റിസർവായി 40 ശതമാനത്തിനുകൂടി ദർശനാനുമതി.