ന്യൂഡൽഹി : രണ്ട് വർഷത്തോളമായി അടഞ്ഞു കിടക്കുന്ന തമിഴ്നാട്ടിലെ തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് പരീക്ഷണാടിസ്ഥാനത്തിൽ ആറാഴ്ചത്തേയ്ക്ക് തുറക്കാൻ അനുമതി നൽകണമെന്ന കമ്പനി ഉടമകളുടെ ആവശ്യം സുപ്രീം കോടതി തള്ളി.
വേദാന്തയുടെ പ്ലാന്റ് നൂറ് കണക്കിന് ജനങ്ങൾക്ക് കാൻസറടക്കമുള്ള ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കിയെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആയിരക്കണക്കിനാളുകൾക്ക് ജോലി ലഭിക്കുമെന്നും പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കില്ലെന്നും കമ്പനിയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം.സിഗ്വി അറിയിച്ചെങ്കിലും ജസ്റ്റിസ് റോഹിടൺ നരിമാൻ ഉൾപ്പെട്ട ബെഞ്ച്, തൽക്കാലം പ്ലാൻ് തുറക്കേണ്ടതില്ലെന്ന് നിർദേശിച്ചു. കേസ് ജനുവരിയിലേക്ക് മാറ്റി.
2018 മേയ് 22 ന് നടന്ന പൊലീസ് വെടിവയ്പിൽ 13 സമരക്കാർ കൊല്ലപ്പെട്ടപ്പോഴാണ് തമിഴ്നാട് സർക്കാർ പ്ളാന്റ് പൂട്ടിച്ചത്. കമ്പനി സുപ്രീം കോടതിയെ സമീപിച്ചതോടെ, ഇടപെടാൻ മദ്രാസ് ഹൈക്കോടതിയെ ചുമതലപ്പെടുത്തി. പ്ലാന്റ് തുറക്കേണ്ടന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്.