ഇപ്പോഴത്തെ കാറ്റിന് ബുറേവി എന്ന് പേരിട്ടത് മാലദ്വീപാണ്. കാറ്റ് രൂപം കൊള്ളുന്ന മേഖലയിലെ രാജ്യങ്ങൾക്ക് അക്ഷരമാലാ ക്രമത്തിലാണ് പേരിടാൻ അവകാശം. ഉത്തര ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പതിമ്മൂന്ന് രാജ്യങ്ങളാണ് പേരിടുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ,ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യു. എ. ഇ, യെമൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ഓരോ രാജ്യവും ഇക്കൊല്ലം പതിമ്മൂന്ന് പേരുകൾ വീതം നിർദ്ദേശിച്ചിട്ടുണ്ട്. മൊത്തം 169 പേരുകൾ. ഓരോ കൊടുങ്കാറ്റ് ഉണ്ടാകുമ്പോഴും രാജ്യങ്ങൾ നൽകിയ പേരുകൾ ഊഴമനുസരിച്ച് നൽകുകയാണ് പതിവ്.
അടുത്ത കൊടുങ്കാറ്റിന് മ്യാൻമർ നിർദ്ദേശിച്ച തൗക്തേ എന്ന പേരായിരിക്കും. തുടർന്നുള്ള പേരുകൾ യാസ് ( ഒമാൻ ), ഗുലാബ് ( പാകിസ്ഥാൻ ) എന്നിങ്ങനെ ആയിരിക്കും.
ഗതി, തേജ്, മറാസു, ആഗ്, നീർ തുടങ്ങിയ പേരുകളാണ് ഇന്ത്യ നിർദ്ദേശിച്ച പുതിയ ലിസ്റ്റിലുള്ളത്.
ലോക കാലാവസ്ഥാ സംഘടനയുടെ ( വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ ) മാനദണ്ഡങ്ങൾ പ്രകാരമാണ് ചുഴലിക്കൊടുങ്കാറ്റുകൾക്ക് പേരിടുന്നത്. ലോകത്താകെ ആറ് റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്റിയറോളജിക്കൽ സെന്ററുകളും ( RSMC )ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം ( IMD ) ഉൾപ്പെടെ അഞ്ച് ട്രോപ്പിക്കൽ സൈക്ലോൺ വാണിംഗ് സെന്ററുകളും ( TCWC ) നാമകരണത്തിൽ പങ്കാളികളാണ്. ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടുന്ന ഇന്ത്യൻ മഹാസമുദ്രമേഖലയിലെ പേരിടലിന്റെ മേൽനോട്ടം ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിനാണ്.