തിരുവനന്തപുരം: കേരളത്തിലെ തെക്കൻ ജില്ലകളിൽ ബുറേവി ചുഴലിക്കാറ്റ് മൂലമുണ്ടായേക്കാവുന്ന ദുരന്തം നേരിടാനുള്ള മുൻകരുതലുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് നേരിട്ട് വിളിച്ച് വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം സ്വീകരിച്ച നടപടികൾ അദ്ദേഹത്തോട് വിശദീകരിച്ചു.
ചുഴലിക്കാറ്റ് കാരണം മാറ്റി പാർപ്പിക്കേണ്ടിവരുന്നവർക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകൾ കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയ്ക്ക് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പുള്ളതിനാൽ ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. സ്ഥിതിഗതികൾ വിലയിരുത്തി ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കാൻ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടിക്ക് നിർദ്ദേശം നൽകി.
എൻ.ഡി.ആർ.എഫിന്റെ എട്ട് ടീമുകൾ എത്തിച്ചേർന്നിട്ടുണ്ട്. എയർഫോഴ്സിന്റെ സജ്ജീകരണങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സുലൂർ എയർഫോഴ്സ് ബേസിലാണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കാര്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡാമുകളുടെ ശേഷി
നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ടിവന്നേക്കും.
നെയ്യാർ, അരുവിക്കര, കല്ലട, ഇടുക്കി, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, കാരാപ്പുഴ എന്നീ ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്.
ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.