തിരുവനന്തപുരം: ത്രികോണമല്ല, രണ്ട് കോണും കൂടി ചേർന്ന് പഞ്ചകോണ മത്സരം നടക്കുന്ന തീരദേശ വാർഡ്. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കു പുറമെ രണ്ട് സ്വതന്ത്രർ കൂടി ശക്തമായി രംഗത്ത്. മുന്നണി സ്ഥാനാർത്ഥികൾ മൂവർക്കും കിട്ടേണ്ട വോട്ടുകൾ സ്വതന്ത്രന്മാർ ആന്തിക്കൊണ്ടു പോവുമെന്നാണ് പ്രദേശത്തെ അങ്ങാടി സംസാരം. അതുകൊണ്ട് തന്ത്രവും കുതന്ത്രവുമൊക്കെ പയറ്റുകയാണ് മുന്നണി സ്ഥാനാർത്ഥികൾ. അതിലൊരു മുന്നണി സ്ഥാനാർത്ഥി തനിക്കു വെല്ലുവിളിയായി മാറിയ സ്വതന്ത്ര സ്ഥാനാർത്ഥിയെ ' സ്വന്തം ആളാ'ക്കി കളഞ്ഞു. പാർട്ടി മാറി മത്സരിക്കുന്ന ആ മുന്നണി സ്ഥാനാർത്ഥി വീടുകൾ തോറും പ്രചാരണത്തിനിറങ്ങുമ്പോൾ സ്വതന്ത്രന്റെ പേര് ചർച്ചയ്ക്കുവരും. ' അവൻ നമ്മുടെ പയ്യനല്ലേ, ഞാൻ പറഞ്ഞിട്ടല്ലേ നിൽക്കുന്നത്. അവസാനം മാറി തന്നോളും. നിങ്ങള് അവന് വോട്ടു ചെയ്യേണ്ട എനിക്കിട്ടാൽ മതി'. നേതാവ് പറയും. വോട്ടർമാർക്ക് ആകെ കൺഫ്യൂഷനാകും. രാഷ്ട്രീയമല്ലേ ഒന്നും പറയാൻ പറ്റില്ല. കളി ഏതുവഴിയിലും നടക്കാം. മറ്റൊരു മുന്നണി സ്ഥാനാർത്ഥിയാകട്ടെ സ്വന്തം റിബലിനെ ഒതുക്കാനാണ് പെടാപ്പാടുപെടുന്നത്. മറ്റൊരു വാർഡിൽ സീറ്റ് ലഭിക്കാത്തതിൽ അരിശംപൂണ്ട യുവനേതാവ് റിബലായി നിലയുറപ്പിച്ചതോടെ ഖദർ പാർട്ടിയിലെ ഒറിജിനൽ സ്ഥാനാർത്ഥിയുടെ നെഞ്ചിൽ തീയാണ്. വാർഡ് രൂപീകരിച്ച ശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. രണ്ടുതവണയും ജയിച്ച സീറ്റ് നിലനിറുത്താനാണ് ഇദ്ദേഹത്തിനു സീറ്റു നൽകിയത്. ആദ്യം ജയിച്ച സ്ഥാനാർത്ഥി അടുത്ത തവണ തൊട്ടടുത്ത വാർഡിൽ റിബലായി മത്സരിച്ച് തോൽക്കുകയും പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കുകയും ചെയ്തു. പിറകെ പാർട്ടി നടപടി വന്നുവെന്നത് ചരിത്രം.