പാട്ന: തന്നെ ഉപേക്ഷിച്ച് കാമുകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതിന് യുവതിയുടെ വേറിട്ട പ്രതികാരം. കാമുകന്റെ വധുവാണ് പ്രതികാരത്തിന് ഇരയായത്. പരിക്കേറ്റ നവവധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. നവവധുവിനെ അടിച്ചവശയാക്കിയശേഷം മുടിമുഴുവൻ മുറിച്ച് കണ്ണുകളിൽ സൂപ്പർഗ്ളൂ ഒഴിച്ചായിരുന്നു പ്രതികാരം ചെയ്തത്. ബീഹാറിലെ നളന്ദ ജില്ലയിലാണ് സിനിമാരംഗങ്ങളെ തോൽപ്പിക്കുന്ന തരത്തിലുളള രംഗങ്ങൾ അരങ്ങേറിയത്. യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ഡിസംബർ ഒന്നിനായിരുന്നു ഗോപാൽ റാമിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയബന്ധം ഉപേക്ഷിച്ചായിരുന്നു ഗോപാൽ വിവാഹത്തിന് സമ്മതിച്ചത്. ഗോപാലിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു കാമുകി. എന്നാൽ ഇവർ തമ്മിലുളള അടുപ്പം സഹോദരിക്ക് അറിയില്ലായിരുന്നു. ഗോപാലിന്റെ വിവാഹ വാർത്ത അറിഞ്ഞതോടെ യുവതി കടുത്ത നിരാശയിലായി. കാമുകനെ ബന്ധപ്പെടാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് പ്രതികാരം ചെയ്യാൻ തീരുമാനിച്ചത്. വ്യക്തമായ മുന്നൊരുക്കങ്ങളോടയാണ് പ്രതികാരം ചെയ്യാനായി ഇറങ്ങിയത്.
ഗോപാലിന്റെ സഹോദരി യുവതിയെ വിവാഹത്തിന് ക്ഷണിച്ചു. പ്രതികാരം ചെയ്യാൻ ഇതുതന്നെ അവസരമെന്ന് തീരുമാനിച്ച യുവതി താൻ വിവാഹത്തിന് എത്തുമെന്നും ഒരുദിവസം അവിടെ താമസിക്കുമെന്നും അറിയിച്ചു. ഗോപാലിന്റെ സഹോദരി ഇത് സമ്മതിച്ചു. വിവാഹം കഴിഞ്ഞ് ഗോപാലിന്റെ വീട്ടിൽ തങ്ങിയ യുവതി രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പിച്ചശേഷമാണ് നവവധുവിനെ ആക്രമിച്ചത്. ആരുടെയും ശ്രദ്ധയിപ്പെടാതെ മണിയറയിൽ കയറിയ യുവതി ഉറങ്ങിക്കിടക്കുകയായിരുന്നു നവവധുവിനെ ആക്രമിച്ചു. മർദ്ദിച്ചവശയാക്കിയശേഷം മുടി മുഴുവൻ മുറിച്ചുകളഞ്ഞു. തുടർന്ന് കണ്ണുകളിൽ സൂപ്പർ ഗ്ളൂ ഒഴിച്ചു. വേദനകൊണ്ട് പുളഞ്ഞ നവവധുവിന്റെ വിളികേട്ട് വീട്ടുകാർ ഉണർന്നതോടെ രക്ഷപ്പെടാനുളള യുവതിയുടെ ശ്രമം വിജയിച്ചില്ല.യുവതിയെ ഗോപാലിന്റെ ബന്ധുക്കൾ മർദ്ദിച്ചവശയാക്കിയശേഷം മുറിയിൽ പൂട്ടിയിട്ടു. തുർന്ന് പൊലീസിന് കൈമാറുകയായിരുന്നു.
ആശുപത്രിയിൽ കഴിയുന്ന നവവധുവിന്റെ നില അല്പം ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒരുപക്ഷേ, കാഴ്ചശക്തി നഷ്ടമായേക്കും എന്നാണ് ആശുപ്രതി അധികൃതർ പറയുന്നത്.