തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ശിവശങ്കർ സത്യം പറയുന്നില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. മിക്ക ചോദ്യങ്ങൾക്കും തുടർച്ചയായി നുണ പറയുകയാണ് ശിവശങ്കർ ചെയ്യുന്നത്. തനിക്ക് ഒരു ഫോണേയുളളൂ എന്നാണ് ശിവശങ്കർ മൊഴി നൽകിയത്. എന്നാൽ ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ശിവശങ്കറിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കേണ്ടതാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് വാദിച്ചു.
കളളക്കടത്ത് കേസിൽ ശിവശങ്കറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണെന്നും അന്ന് അസുഖം അഭിനയിച്ച്, ഭാര്യ ഡോക്ടറായ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നുവെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കൽ ഇന്നും കോടതിയിൽ തുടരുന്നുണ്ട്.
ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ബുധനാഴ്ച വൈകിട്ടും പ്രാഥമിക മൊഴിയെടുത്തിരുന്നു. രഹസ്യമൊഴി നൽകണമെന്ന പ്രതികളുടെ അഭ്യർത്ഥനയെ തുടർന്നാണ് കോടതി നടപടി. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികൾ. സ്വർണക്കടത്തിൽ അറിവും പങ്കാളിത്തവുമുളള വമ്പൻ സ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെയാണ് സരിത്തിന്റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയത്.