മനുഷ്യനെ വല്ലാതെ ഭയപ്പെടുത്തുന്ന ഒരവസ്ഥയാണ് തലകറക്കം. അതോടെ എന്തോ ഗുരുതരമായ ബുദ്ധിമുട്ട് ഉണ്ടാകാൻ പോകുന്നു എന്ന് പേടിച്ച്, ഇല്ലാത്ത പല രോഗങ്ങളും ഉണ്ടാക്കിവയ്ക്കുന്നവർ നിരവധിയാണ്.
തല കറക്കം വന്നാലുടൻ രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിക്കുന്നവരുടെ എണ്ണം മുമ്പത്തേക്കാൾ വർദ്ധിച്ചിട്ടുണ്ട്. അത് നല്ല കാര്യം തന്നെ. എന്നാൽ, ഇവ രണ്ടും കൃത്യമാണെങ്കിൽ മറ്റൊരു കുഴപ്പവുമില്ലെന്ന് വിചാരിച്ച് ചികിത്സ തേടാത്തവരുമുണ്ട്.
ചില രോഗങ്ങൾ നേരിട്ടും അല്ലാതെയും തലകറക്കത്തിന് കാരണമാകാറുണ്ട്. വിളർച്ച രോഗികളിൽ രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നത് തലകറക്കത്തിനു കാരണമാകും. അതുപോലെ വിരകളുടെ ഉപദ്രവം കൊണ്ടോ ദീർഘകാലാനുബന്ധിയായ മറ്റേതെങ്കിലും രോഗത്തിൽ ഇ.എസ്.ആർ വർദ്ധിക്കുന്നതുകൊണ്ടോ രക്തക്കുറവ് സംഭവിക്കാം. അപ്പോഴും തലകറക്കവും കാണും.
രക്തക്കുറവ് സ്ഥിരമാകുമ്പോൾ തല കറക്കത്തിന്റെ തീവ്രത, അനീമിയ അഥവാ വിളർച്ചയുള്ളവരിൽ മുമ്പത്തേക്കാൾ കുറഞ്ഞ് കാണാറുണ്ട്.
ചെവിയിലെ പ്രശ്നങ്ങൾ മൂലം ബാലൻസ് നഷ്ടപ്പെടാം
ചെവിയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ കാരണം ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്നതിന് സാധിക്കാതെ വരികയും തലകറക്കം ഉണ്ടാകുകയും ചെയ്യും. വീണുപോകാനും അപകടങ്ങൾ സംഭവിക്കാനും ഇടയാക്കുന്നതാണ് തലകറക്കം.
നോർമൽ ആയിട്ടുള്ളവരിലും തലകറക്കം ഉണ്ടാകുമ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കാറുണ്ട്. മനസിലെ ഭീതി കാരണമാണ് താൽക്കാലികമായി രക്തസമ്മർദ്ദം വർദ്ധിക്കുന്നത്. മറ്റു മരുന്നുകൾ ആവശ്യമില്ലാതെ തന്നെ തലകറക്കം കുറയുമ്പോൾ അത് കുറയുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ ഡോക്ടർ മരുന്നു നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അത് കഴിക്കുകയും വീണ്ടും പരിശോധിച്ച് അത് തുടർന്ന് കഴിക്കേണ്ടതുണ്ടോ എന്നുള്ള ഉപദേശം തേടുകയും വേണം.
രക്തസമ്മർദ്ദം ഉള്ളവരിൽ കൂടുതലായി രക്തസമ്മർദ്ദത്തിനുള്ള ചില മരുന്നുകൾ കഴിക്കുന്നവരിൽ തലകറക്കം ഉണ്ടാകുന്നുണ്ട്. യാത്ര ചെയ്യുമ്പോൾ തല കറക്കവും അനുബന്ധ പ്രശ്നങ്ങളും അനുഭവപ്പെടുന്നവരും കുറവല്ല. തലകറക്കമനുഭവപ്പെടുന്നവർക്ക് അണുബാധയില്ലെന്നും ക്ഷതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കൂടി ഉറപ്പാക്കണം.
കഴുത്തിന്റെ ഭാഗത്ത് രക്തസഞ്ചാരത്തെ ചെയ്യുന്ന ധമനികൾക്കുണ്ടാകുന്ന സമ്മർദ്ദങ്ങളും തല കറക്കത്തിന് കാരണമാകാം.
പക്ഷാഘാതത്തിന്റെ മുന്നോടിയായും, തലയും തലച്ചോറുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളാലും തലകറക്കം ഉണ്ടാകാം. കൂടുതൽ പ്രാധാന്യം നൽകേണ്ടുന്ന തലകറക്കമാണിത്.
കഴുത്തിലെ അസ്ഥികളുടെ സന്ധികൾക്കുണ്ടാകുന്ന വീക്കം, അസ്ഥികളുടെയും അസ്ഥികളുടെ ഇടയ്ക്ക് കാണുന്ന ഡിസ്കുകളുടെയും തേയ്മാനം (സെർവിക്കൽ സ്പൊണ്ടിലൈറ്റിസ്, സ്പോണ്ടിലോസിസ്) എന്നിവയാണ് അധികം ആളുകളിലും തലകറക്കത്തിന് കാരണമായി കാണുന്നത്. തേയ്മാനം ദീർഘനാൾ നിലനിൽക്കുന്നതും ക്രമേണ വർദ്ധിക്കുന്നതുമാണ്. അത്തരം ആൾക്കാർ തലകറക്കത്തിന് മാത്രമായി മരുന്ന് കഴിച്ച് സമയം കളയാതെ യഥാർത്ഥ രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചുള്ള ചികിത്സ ചെയ്യുന്നതാണ് നല്ലത്.
തലകറക്കം ഏതു കാരണം കൊണ്ടുള്ളതായാലും അത് കുറയാനുള്ള മരുന്നുകൾ ലഭ്യമാണ്. എന്നാൽ, അത് വീണ്ടും ആവർത്തിക്കുമെന്നതിനാൽ യഥാർത്ഥകാരണം അറിഞ്ഞുള്ള ചികിത്സയാണ് അനിവാര്യം.
തലകറക്കം അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുക, ഉയരങ്ങളിൽ നിന്ന് ജോലി ചെയ്യുക, അദ്ധ്വാനിക്കുക, ഏണികളിലോ മറ്റ് സൗകര്യക്കുറവുള്ളിടങ്ങളിലോ നിന്നുള്ള ജോലി, അധികസമയം നിൽക്കുക, കഴുത്തിൽ മസാജ് ചെയ്യുക തുടങ്ങിയവ ഒഴിവാക്കണം. കഴുത്ത് വെട്ടിച്ചും കറക്കിയും ചില ബാർബർ ഷോപ്പുകളും മുറിവൈദ്യന്മാരും ചെയ്യുന്ന മസാജ് അസുഖത്തെ വർദ്ധിപ്പിക്കുകയും മാരകമാക്കുകയും ചെയ്യും. ഇത് ചികിത്സയല്ല. സുഖം ലഭിക്കുന്നൊരു മിഥ്യാധാരണയും പ്രയോഗവും മാത്രമാണ്.
പ്രമേഹരോഗികളിൽ തലകറക്കമുണ്ടായാൽ രക്തത്തിലെ ഷുഗർ ലെവൽ പരിശോധിക്കുകയും ഷുഗർ കൂടിയതാണോ കുറഞ്ഞതാണോ തലകറക്കത്തിന്റെ കാരണമെന്ന് മനസ്സിലാക്കി ചികിത്സ നിർണ്ണയിക്കണം. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തപ്പോൾ പലപ്പോഴും തല കറക്കം അനുഭവപ്പെടാവുന്നതാണ്.
പുറമേയും അകത്തേക്കും ഉപയോഗിക്കാനുള്ള മരുന്നുകൾ ആയുർവേദം നിർദ്ദേശിക്കുന്നുണ്ട്. പലപ്പോഴും തലകറക്കത്തിന് താല്കാലിക ചികിത്സകൾ മതിയാകില്ല. ചിലപ്പോൾ മറ്റ് രോഗങ്ങളുള്ളവർക്കുണ്ടാകുന്ന തലകറക്കത്തിൽ അത് കുറയുന്നതിനായി പ്രധാന ചികിത്സക്കൊപ്പം മറ്റ് മരുന്നുകളും കൂടി ഉൾപ്പെടുത്തേണ്ടി വന്നേക്കാം.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുകയോ, അധികമായി വെയിൽ കൊള്ളുകയോ, പതിവില്ലാതെ ഉറക്കമൊഴിയുകയോ ചെയ്യുമ്പോഴും തലകറക്കമുണ്ടാകാം. തോൾ വേദനയ്ക്ക് തൈലം ശക്തിയായി പുരട്ടിയും മറ്റുള്ളവരെക്കൊണ്ട് പുരട്ടിച്ചും തലകറക്കമുണ്ടാക്കുന്നവരും കുറവല്ല.
രക്തത്തിൽ ഹീമോഗ്ലോബിൻ, ഷുഗർ, ഇ.എസ്.ആർ എന്നിവ പരിശോധിക്കണം. കഴുത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എക്സ് റേ ആവശ്യമായി വന്നേക്കാം. എം.ആർ.ഐ സ്കാനിംഗ് ഉൾപ്പെടെയുള്ള രോഗനിർണ്ണയ ഉപാധികൾ തല കറക്കത്തിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കുന്നതിന് ഉപയോഗപ്പെടുത്താറുണ്ട്.
തല കറക്കത്തിന് ആയുർവേദ ചികിത്സ ഫലപ്രദമാണ്. സ്വന്തമായി ചെയ്യാവുന്ന ചില കാര്യങ്ങൾ വീട്ടിൽ വെച്ച് ചെയ്യാമെങ്കിലും ചിലപ്പോൾ കിടത്തി ചികിത്സയും ചെയ്യേണ്ടി വരാം.
കഷായം, ഗുളികകൾ, ലേഹ്യ രസായനങ്ങൾ, ഘൃതങ്ങൾ തുടങ്ങിയവ കഴിക്കുന്നതിനൊപ്പം പുറമേ പുരട്ടുന്നതിന് ചൂർണ്ണങ്ങൾ, തൈലം, കുഴമ്പ് തുടങ്ങിയ മരുന്നുകൾ കൂടി വേണ്ടിവരും.
മൂക്കിൽകൂടി പ്രയോഗിക്കുന്ന നസ്യം കഴുത്തിലെയും തോളിലെയും മാംസ പേശികൾക്ക് നല്ല ബലം കൂടി നൽകുന്നതാണ്. പലതരം തലകറക്കവും തലയിൽ തേയ്ക്കുന്ന എണ്ണ ശരിയായി ഉപയോഗിച്ച് ശമിപ്പിക്കാവുന്നതാണ്. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ചികിത്സ സൗജന്യമാണ്. കിടത്തി ചികിത്സ ആവശ്യമുള്ളവരെ അതിന് സൗകര്യമുള്ള സർക്കാർ ആയുർവേദ ആശുപത്രികളിലേക്ക് റഫർ ചെയ്യും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നല്ലാതെ ചികിത്സ തേടുന്നവർ യോഗ്യതയുള്ളവർ തന്നെയാണ് ചികിത്സിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്.