കോട്ടയം: നാലു വിവാഹം കഴിച്ചയാൾ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തുകയും മൂന്നാമത്തെ ഭാര്യയെ കൊലപ്പെടുത്താൻ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തുകയും ചെയ്തു. വിവരം മണത്തറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് തുത്തുക്കുടി സ്വദേശി കറുപ്പുസ്വാമിയെയാണ് (41) വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്.
നാല് ഭാര്യമാരിൽ രണ്ടു ഭാര്യമാരെ കൊലപ്പെടുത്തിയത് താനാണെന്ന് കറുപ്പുസ്വാമി പൊലീസിനോട് സമ്മതിച്ചു. ഒരു ഭാര്യയെ കൊന്ന കേസിൽ പ്രതിയായ കറുപ്പുസ്വാമി സെപ്തംബർ മുപ്പതിനാണ് നാലാം ഭാര്യ ഷൺമുഖലക്ഷ്മിയെ കൊലപ്പെടുത്തിയത്. പിന്നീട് തുത്തുക്കുടിയിൽ നിന്ന് കേരളത്തിലെത്തി. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരത്ത് ആദ്യഭാര്യയുടെ അകന്ന ബന്ധുക്കൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി ചോദ്യം ചെയ്തത്.
മൂന്നമത്തെ ഭാര്യയെ കൊല്ലാനായിട്ടാണ് എത്തിയതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. പൊലീസ് പിടികൂടുമെന്നറിഞ്ഞതോടെ കൈവശം സൂക്ഷിച്ചിരുന്ന കുപ്പിച്ചില്ലുകൾ പൊടിച്ചത് വിഴുങ്ങി ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചു. എന്നാൽ, കുപ്പിചില്ലുകൾ സൂക്ഷിച്ച കവർ പൊലീസ് പിടിച്ചുവാങ്ങിയതിനാൽ ആത്മഹത്യാശ്രമം വിഫലമായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ തമിഴ്നാട് പൊലീസിന് കൈമാറി.