ന്യൂഡൽഹി: കൊവിഡ് ലോകത്ത് പിടിമുറുക്കിയതോടെ മനുഷ്യരുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ പലതുമുണ്ടായി. കൊവിഡ് കാരണം ചുംബിക്കാൻ പോലും കമിതാക്കൾക്ക് പേടിയാണെന്നാണ് ഇപ്പോൾ കേൾക്കുന്നത്. ചുംബനത്തോട് മാത്രമല്ല ശാരീരിക ബന്ധത്തിന്റെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. പ്രമുഖ ഡേറ്റിംഗ് സൈറ്റ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.15,712 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 59 ശതമാനംപേരും സ്ത്രീകളായിരുന്നു.
നേരത്തേ അവസരം കിട്ടുമ്പോഴെല്ലാം ചുംബനങ്ങൾ കൈമാറുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തിരുന്ന കമിതാക്കൾ ഇപ്പോൾ പ്രണയിക്കുന്നത് സാമൂഹ്യ അകലം പാലിച്ചാണ്. ഉമ്മവയ്ക്കാനും കിടക്കപങ്കിടാനും പോയിട്ട് പരസ്പരം കരംഗ്രഹിക്കാൻ പോലും കൂടുതൽ പേർക്കും മടിയാണ്. സർവേയിൽ പങ്കെടുത്ത് 25 ശതമാനത്തിന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതുപോലും ഭയക്കുന്നവരാണ്.
കാര്യങ്ങൾ ഇങ്ങനയൊക്കെയാണെങ്കിലും കെട്ടിപ്പിടിക്കാൻ മടിയില്ലാത്തവർ ഇപ്പോഴുമുണ്ട്. 45 ശതമാനമാണ് ഇത്തരത്തിലുളളവർ. പക്ഷേ, ഇവർക്കും സെക്സിനോടും ചുംബനത്തിനോടും അത്രതാത്പര്യം പോര. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ഇൻഡോനേഷ്യ, മലേഷ്യ എന്നിടവിടങ്ങളിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരും ഇതേ അഭിപ്രായക്കാരായിരുന്നു. പകർച്ച വ്യാധിയെ പ്രതിരോധിക്കാൻ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുന്നു എന്നതിന് തെളിവാണ് ഇതെന്നാണ് സർവേയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നത്.