തദ്ദേശ തിരഞ്ഞെടുപ്പു സ്ഥാനാർഥി പട്ടികയിൽ ഈഴവരടക്കം പിന്നാക്ക സമുദായക്കാരെ വെട്ടി നിരത്തിയിരിക്കുകയാണ് ഇടത് വലത് മുന്നണികൾ. ഒപ്പം ബി ജെ പി യുമുണ്ട്. യു ഡി എഫിന്റെ സ്ഥാനാർഥികളിൽ 400ഓളം ഗ്രാമ പഞ്ചായത്തുകളിൽ ഈഴവ പിന്നാക്ക സമുദായ സ്ഥാനാർത്ഥികൾ വട്ടപ്പൂജ്യമാണ്. എൽ ഡി എഫ് അല്പം കൂടി കരുണ കാണിച്ചിട്ടുണ്ട് എന്നാലും പല സീറ്റുകളിലും ഈഴവ പിന്നാക്ക താല്പര്യങ്ങൾ വെട്ടിനിരത്തപ്പെട്ടു. കൊല്ലം,ആലപ്പുഴ ജില്ലകളിലെ പട്ടികയിൽ മാത്രമാണ് വിരലെടുത്തെണ്ണാവുന്ന കണക്കിനുളള സ്ഥാനാർത്ഥികൾ. ഈ നില തുടരുകയാണെങ്കിൽ നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇരു മുന്നണികളുടെയും പിന്നാക്ക സമുദായ പ്രവർത്തകരുടെ നിലപാട് നിർണായകമാകും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹിന്ദു പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാധിനിത്യം ലഭിച്ചില്ലെന്ന കേരളകൗമുദി വാർത്ത പൂർണമായും ശരിയും അങ്ങേയറ്റം ഉത്കണ്ഠാജനകവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ. ജയശങ്കർ വിലയിരുത്തുന്നു.
കേരളകൗമുദി വാർത്തയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്ഥിതി പരിശോധിച്ചപ്പോൾ സംഭവത്തിന്റെ ഗുരുതരാവസ്ഥ കൂടുതൽ ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു. ഈഴവർക്ക് മഹാഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽപ്പോലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ഏതെങ്കിലും സമുദായത്തിന് ഭൂരിപക്ഷമുള്ള സ്ഥലത്ത് അതത് സമുദായക്കാർ മാത്രമെ മത്സരിക്കാവു എന്നില്ല. എന്നാൽ മറ്റ് സംഘടിത മത ജാതി വിഭാഗങ്ങൾ കണക്കുപറഞ്ഞ് സ്ഥാനമാനങ്ങൾ തട്ടിയെടുക്കുമ്പോൾ ഈഴവർ പിന്തള്ളപ്പെടുന്നത് കഷ്ടമാണ്. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശത്തിന്റെ ശതാബ്ദിയാഘോഷിച്ച് ഈഴവരെ പറ്റിക്കുന്ന സ്ഥിതിയാണ് ഇവിടെ കണ്ടുവരുന്നത്. നമുക്ക് മാത്രമേ ജായിതില്ലാതെയുള്ളു, മറ്റ് എല്ലാവർക്കും ജാതിയുണ്ടെന്ന യാഥാർത്ഥ്യമാണ് പഞ്ചായത്ത് തിരഞ്ഞൈടുപ്പിലെ സീറ്റുവിഭജനം തെളിയിക്കുന്നത്. എല്ലാവരും ജാതിനോക്കി വോട്ടുചെയ്യുമ്പോൾ ഈഴവർ മാത്രം ചിഹ്നത്തിൽ കുത്തുന്നതാണ് സമുദായത്തിന്റെ ശാപമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ നൂറുശതമാനം ശരിയാണെന്ന് പറയേണ്ടിവരും. അദ്ദേഹം അങ്ങനെ പറയുമ്പോൾ ചിലർക്കെങ്കിലും അലോസരമായി തോന്നുമെങ്കിലും, അതാണ് യാഥാർത്ഥ്യം.
യു.ഡി.എഫ് ൽ സമുദായ സമവാക്യം പാലിക്കാൻ ബാധ്യതയുള്ള പാർട്ടി കോൺഗ്രസ് ആണ്. എന്നാൽ 17000 ത്തോളം സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഈഴവർക്ക് നൽകിയ പ്രാധിനിത്യം വിരലിലെണ്ണാവുന്നത് മാത്രമാണ്. മറ്റ് നിരവധി പിന്നാക്ക ഹിന്ദുസമുദായങ്ങൾക്ക് കിട്ടിയത് വട്ടപൂജ്യവുമാണ്. പട്ടികജാതി വിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന സംവരണ വാർഡുകളിൽ മാത്രമാണ് അവസരം നൽകിയിട്ടുള്ളത്. ഇടതുപക്ഷത്തെ സ്ഥിതി താരതമ്യേന മെച്ചമാണെങ്കിലും അവിടെയും ഈഴവ സമുദായത്തിന് അർഹമായ പ്രാധിനിത്യം ലഭിച്ചില്ല. ഈഴവർ എല്ലാം കമ്മ്യൂണിസ്റ്റ് ആണെന്നും കമ്മ്യൂണിസ്റ്റുകാർ എല്ലാം ഈഴവരാണെന്നുമുള്ള പൊതുബോധത്തിന്റെ അടിസ്ഥാനത്തിലെങ്കിലും അർഹമായ പരിഗണന നൽകേണ്ടതായിരുന്നു. ബി.ജെ.പി സവർണകേന്ദ്രീകൃതമായ പാർട്ടിയെന്ന് എല്ലാവർക്കുമറിയാം. ബി.ഡി.ജെ.എസ് ന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട എൻ.ഡി.എ യിൽ കുറച്ച് പിന്നാക്കക്കാർക്ക് മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതാണ് ചിത്രമെങ്കിൽ വരാൻപോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഇതിനേക്കാൾ വലിയ വിവേചനങ്ങൾക്ക് വേദിയാകുമെന്നത് തീർച്ചയാണ്. കഴിഞ്ഞ നിയസഭയുടെ കണക്കുകൂടി പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാവുകയും ചെയ്യും