വിൻഡ്ഹോക്ക്: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്ററായത് അഡോൾഫ് ഹിറ്റ്ലർ. സ്വാപോ പാർട്ടി നേതാവും വർണവിവേചനത്തിനെതിരെ നിരന്തരമായി പോരാടുന്നയാളുമായ അഡോൾഫ് ഹിറ്റ്ലറെന്ന 54 കാരനാണ് ലോകം കണ്ട ഏറ്റവും വലിയസ്വേച്ഛാധിപതിയുടെ പേരുമായി തിരഞ്ഞെടുപ്പിൽ ജയിച്ചത്. അഡോൾഫ് ഹിറ്റ്ലർ ഊനോന എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.ബുധനാഴ്ചയാണ് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്ററായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വടക്കൻ നമീബിയയിലെ ഓംബുജ ജില്ലയിൽ നിന്ന് 84.8 ശതമാനം വോട്ട് നേടിയാണ് ഹിറ്റ്ലർ വിജയിച്ചത്.താൻ ഒരിക്കലും ഹിറ്റ്ലറെ പോലെ ഒരു സ്വേച്ഛാധിപതിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. പിതാവാണ് ഈ പേരിട്ടത്. അദ്ദേഹത്തിന് ഒരുപക്ഷേ ഹിറ്റ്ലർ ആരാണെന്ന് അറിയില്ലായിരിക്കും -ഹിറ്റ്ലർ പറഞ്ഞു.അഡോൾഫ് ഉൗനോന എന്ന പേരിലാണ് പൊതു ഇടങ്ങളിൽ അദ്ദഹം അറിയപ്പെടുന്നത്. എന്നാൽ, ഇനി പേര് മാറ്റുന്നതിൽ പ്രസക്തിയില്ലെന്നും എല്ലാ ഒൗദ്യോഗിക രേഖകളിലും ഈ പേരാണെന്നും ഹിറ്റ്ലർ വ്യക്തമാക്കുന്നു.ജർമനിയിൽ നിയമപ്രകാരം നിരോധിച്ചിട്ടുള്ള പേരാണ് അഡോൾഫ് ഹിറ്റ്ലർ. നേരത്തെ ജർമനിയുടെ കോളനിയായിരുന്നു നമീബിയ. അഡോൾഫ് എന്ന പേര് പ്രചാരത്തിലുണ്ടെങ്കിലുംഅഡോൾഫ് ഹിറ്റ്ലറുടെ മുഴുവൻ പേര് ഒരാൾക്ക് ലഭിക്കുന്നത് അപൂർവമാണ്.