വാഷിംഗ്ടൺ: ഒന്നല്ല, രണ്ട് വട്ടമാണ് ടീനയ്ക്കും ബെൻ ഗിബ്സണും ദൈവം കുഞ്ഞു മാലാഖമാരുടെ രൂപത്തിൽ ഭാഗ്യം നൽകിയത്. കഴിഞ്ഞ 27 വർഷമായി ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ് അമേരിക്കയിലെ ടെന്നിസി സ്വദേശികളായ ടീനയ്ക്കും ബെന്നിനും മോളി ഗിബ്സൺ എന്ന കുഞ്ഞുമാലാഖ ജനിക്കുന്നത്.
1992 മുതൽ ശീതികരിച്ചു സൂക്ഷിച്ചതാണ് ഈ ഭ്രൂണം. രണ്ടരകിലോ ഭാരമുണ്ട് കുഞ്ഞിന്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ഇവരുടെ മൂത്തമകൾ എമ്മയും സമാനരീതിയിലാണ് ജനിച്ചത്. 2017 നവംബറിലാണ് 25 വർഷമായി ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്ന് എമ്മ ജനിക്കുന്നത്.
റെക്കോഡ് വാവകൾ
ഏറ്റവും കൂടുതൽ കാലം ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്ന് ജനിച്ച കുട്ടി എന്ന റെക്കോഡ് എമ്മയ്ക്കായിരുന്നു. മോളി ജനിച്ചതോടെ റെക്കോഡ് അവളുടെ പേരിലായി. എംബ്രിയോ അഡോപ്ഷൻ എന്ന മാർഗത്തിലൂടെയാണ് ദമ്പതികൾ മാതാപിതാക്കളായത്. നാഷണൽ എംബ്രിയോ ഡോണേഷൻ സെന്റർ എന്ന എൻ.ജി.ഒ ആണ് ഇതിന് പിന്നിൽ. ദാനം ചെയ്യാനാഗ്രഹിക്കുന്നവരിൽ നിന്ന് ഭ്രൂണങ്ങൾ ശേഖരിച്ച് ശീതികരിച്ച് സൂക്ഷിക്കുകയും കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് അത് നൽകുകയും ചെയ്യുന്നതാണ് ഈ സംഘടനയുടെ രീതി.