ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സ്വാഗതം ചെയ്ത് ബി.ജെ.പി. രജനീകാന്തുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.ജെ.പി വക്താവ് നാരായണന് തിരുപതി വ്യക്തമാക്കി. അതേസമയം, ബി.ജെ.പി മുന്‍നേതാവ് അര്‍ജുനമൂര്‍ത്തി രജനീകാന്തിന്റെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്ററാകും. ഡിസംബര്‍ 31ന് പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചീഫ് കോര്‍ഡിനേറ്ററായി അര്‍ജുനമൂര്‍ത്തിയെ പ്രഖ്യാപിച്ചത്. ബി.ജെ.പിയില്‍ നിന്ന് രാജിവച്ചാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ മുഴുവന്‍ മേല്‍നോട്ടവും തമിഴരുവി മണിയനാണ്.
ബി.ജെ.പിയുടെ മിക്ക ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള നേതാവായ അര്‍ജുനമൂര്‍ത്തിയുടെ പെട്ടെന്നുള്ള രാജിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന് വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതിനെയും വളരെയധികം സംശയത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. നിലവില്‍ ബി.ജെ.പിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിട്ടുണ്ട്. രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും ഇനി മുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.
രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബി.ജെ.പി അറിയിച്ചു. രജനി മുന്നോട്ടുവച്ച ആശയങ്ങള്‍ പാര്‍ട്ടിയുമായി യോജിച്ചുപോകുന്നതാണ്. രജനീകാന്ത് പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയിച്ചു. തമിഴ്നാട്ടില്‍ അടുത്ത തിരഞ്ഞടുപ്പില്‍ ഭരണം പിടിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതിരഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു.