ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ ജനങ്ങൾക്ക് കുത്തിവയ്ക്കാൻ ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികൾ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു
ഇന്ത്യയിൽ കൊവിഡ് വാകസിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. വാക്സിനുകൾ വളരെ സുരക്ഷിതമാണെന്നതിന്റെ ഡേറ്റ ലഭ്യമാണ്. 80,000ത്തോളം വോളന്റിയർമാർക്ക് വാക്സിൻ നൽകി. ഗുരുതര പാർശ്വഫലങ്ങളൊന്നും കണ്ടിട്ടില്ല. വാക്സിൻ സ്വീകരിച്ച ചെന്നൈയിലെ യുവാവിന് പാർശ്വഫലങ്ങളുണ്ടായെന്ന ആരോപണം അദ്ദേഹം തള്ളി. വാക്സിൻ സ്വീകരിക്കുന്നവരിൽ മറ്റു അസുഖങ്ങൾ ഉള്ളവരുണ്ടാകാം. അത് വാക്സിനുമായി ബന്ധപ്പെട്ടതല്ല. വാക്സിന്റെ സുരക്ഷിതത്വത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.
തുടക്കത്തിൽ എല്ലാവർക്കും നൽകാനുള്ളത്ര ഡോസ് വാക്സിൻ ലഭ്യമാകില്ല. അപകടസാദ്ധ്യത കൂടുതലമുള്ളവരെ കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിലാവും വാക്സിൻ നൽകുക. കൊവിഡ് മുന്നണിപ്പോരാളികൾക്കും പ്രായമായവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് ആദ്യം നൽകുക. ഒരു ഡോസ് ഉപയോഗിച്ചാൽ തന്നെ മാസങ്ങളോളം വൈറസിനെ പ്രതിരോധിക്കാം. സിറിഞ്ചുകളുടെ ലഭ്യത, ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം, ശീതീകരണ സംവിധാനമുണ്ടാക്കൽ, സംഭരണം തുടങ്ങി വാക്സിൻ വിതരണത്തിനായി കേന്ദ്ര സംസ്ഥാന തലങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനം നടക്കുകയാണ്. രാജ്യത്ത് കൊവിഡ് കുറഞ്ഞുവരികയാണെന്നും മൂന്നുമാസം കൂടി ഇങ്ങനെ തുടർന്നാൽ കൊവിഡിനെതിരായ പോരാട്ടത്തിലെ നിർണായക ഘട്ടം പിന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകൾ
ഇരുപതിലേറെ വാക്സിനുകൾ ഇന്ത്യയിൽ പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിൽ. കൊവാക്സിൻ, കൊവിഷീൽഡ്, ഓക്സ്ഫോർഡ് അസ്ട്രസെനക്ക, സ്പുട്നിക് 5, സൈകൊവ്- ഡി എന്നിവ ഇതിൽ പ്രധാനം