പാട്ന: ആദ്യരാത്രിയിൽ മുറിയിൽ അതിക്രമിച്ച് കടന്ന് നവവധുവിന്റെ മുടി മുറിച്ച് , കണ്ണുകളിൽ ഫെവിക്വിക്ക് പശ ഒഴിച്ച് ഭർത്താവിന്റെ മുൻ കാമുകി. ബീഹാറിലെ നളന്ദ ജില്ലയിലെ മോറാതാബ് സ്വദേശി ഗോപാൽറാമിന്റെ ഭാര്യയാണ് വിവാഹദിന രാത്രിയിൽ അതിക്രൂരമായ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബീഹാർ ഷരീഫിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കുമെന്നാണ് വിവരം.
ഗോപാൽ റാമിന്റെ കാമുകിയായിരുന്ന യുവതിയാണ് നവവധുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ടെത്തിയ ബന്ധുക്കൾ യുവതിയെ പിടിച്ചുവച്ച് മർദ്ദിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
ഗോപാൽറാമിന്റെ സഹോദരിയുടെ സുഹൃത്താണ് ഈ യുവതി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയെങ്കിലും ഈ ബന്ധം വേണ്ടെന്നുവച്ച് ഗോപാൽറാം മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഡിസംബർ ഒന്നിന് ശേഖ്പുര ജില്ലയിലെ വധൂഗൃഹത്തിലായിരുന്നു വിവാഹം.
വിവാഹചടങ്ങുകൾക്ക് ശേഷം നവദമ്പതിമാരും ബന്ധുക്കളും വീട്ടിൽ തിരിച്ചെത്തി. ഈ സമയം മുൻകാമുകിയായ യുവതിയും വീട്ടിലുണ്ടായിരുന്നു. സഹോദരിയുടെ സുഹൃത്തായതിനാൽ അന്നേദിവസം രാത്രി യുവതി ഗോപാൽറാമിന്റെ വീട്ടിൽ തങ്ങി. തുടർന്ന് എല്ലാവരും ഉറങ്ങിയപ്പോഴാണ് ഗോപാൽറാമിന്റെ മുറിയിൽ അതിക്രമിച്ച് കയറി നവവധുവിനെ ആക്രമിച്ചത്.