മലപ്പുറം: 12,000 രൂപ വിലയുള്ള തയ്യൽ യന്ത്രം 6,000 രൂപയ്ക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്ത്രീകളിൽനിന്നും ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെയാണ് (46) അഴിഞ്ഞിലത്തെ വീട്ടിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബശ്രീ പ്രവർത്തകർ, തയ്യൽ ജോലിയിൽ ഏർപ്പെട്ട മറ്റു സ്ത്രീകൾ എന്നിവരാണ് തട്ടിപ്പിനിരയായത്.
ഒരു പഞ്ചായത്തിൽ സ്ത്രീകളുടെ നേതൃത്വത്തിൽ 30 മുതൽ 50 പേർ വരെ വരുന്ന സ്ത്രീകളെ ഉൾപ്പെടുത്തി ഗാർമെന്റ് സൊസൈറ്റി രൂപീകരിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ രണ്ടുപേർക്ക് മെഷീൻ നൽകി. പിന്നീട് തയ്യൽ യന്ത്രം ലഭിക്കാതെ കാലതാമസം നേരിട്ടപ്പോൾ നടത്തിയ അന്വേഷണത്തിലാണ് പലർക്കും തട്ടിപ്പ് ബോധ്യപ്പെട്ടത്. ജില്ലയിൽ ആനക്കയം, ഇരുമ്പുഴി, കൂട്ടിലങ്ങാടി, മഞ്ചേരി, മുള്ളമ്പാറ, നിലമ്പൂർ, താനാളൂർ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ സുനിൽകുമാർ ഗാർമെന്റ് സൊസൈറ്റി രൂപവത്കരിച്ച് പണം തട്ടിയിട്ടുണ്ട് . തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.