വികസന അട്ടിമറി ആക്ഷേപം ആയുധമാക്കാൻ ഇടതുപക്ഷം
സ്പീക്കറുടെ നടപടിക്കു പിന്നിൽ സർക്കാർ താത്പര്യവും
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടീസ് ചരിത്രത്തിലാദ്യമായി നിയമസഭയുടെ പ്രിവിലേജസ് കമ്മിറ്റിക്കു വിട്ട സ്പീക്കറുടെ നിലപാട് ചർച്ചയാകവേ, വികസന രാഷ്ട്രീയ സംവാദത്തിന് ഇതും ആയുധമാക്കാൻ ഇടതുകേന്ദ്രങ്ങളുടെ നീക്കം.
സംസ്ഥാനത്തിന്റെ വികസന താത്പര്യങ്ങളും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാനാണ് സി.എ.ജി റിപ്പോർട്ടിനെതിരെ താൻ പരസ്യ പ്രതികരണം നടത്തിയതെന്ന് സ്പീക്കർക്കു നൽകിയ വിശദീകരണത്തിൽ ഐസക് വ്യക്തമാക്കിയിരുന്നു. ഇതും സഭാസമിതി പരിശോധിക്കട്ടെയെന്ന് സ്പീക്കർ വ്യക്തമാക്കിയതിനു പിന്നിൽ, വികസന രാഷ്ട്രീയം സംവാദ വിഷയമാക്കാനുള്ള സർക്കാരിന്റെ താത്പര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
കിഫ്ബിക്കെതിരായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ വിമർശനം ഭരണഘടനാവിരുദ്ധമാണെന്ന് ധനമന്ത്രിക്കു പുറമേ, സി.പി.എമ്മും വ്യക്തമാക്കിയിരുന്നു. കിഫ്ബി, നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതായതിനാൽ അതിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്യാൻ സി.എ.ജിക്ക് അവകാശമില്ലെന്നാണ് സി.പി.എം നിലപാട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ യു.ഡി.എഫും പിന്തുണയ്ക്കുന്നുവെന്നാണ് ആക്ഷേപം. അതുകൊണ്ടുതന്നെ ഈ വിഷയം നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നിയമസഭയിലടക്കം ചർച്ചയാകുന്നതിൽ കുഴപ്പമില്ലെന്നും പാർട്ടി കരുതുന്നു.
എന്നാൽ, ഭരണഘടനാസ്ഥാപനമായ സി.എ.ജിയുടെ പരിപാവനത്വം മാനിക്കാൻ ധനമന്ത്രി തയ്യാറാകാതിരിക്കുന്നതും, നിയമസഭയെക്കൂടി അവഹേളിക്കുന്നതും ഗുരുതര വിഷയമായി പ്രതിപക്ഷം കാണുന്നു. നിയമസഭയിൽ വയ്ക്കുന്നതിനു മുമ്പ് സി.എ.ജി റിപ്പോർട്ട് ചോർത്തിയത് ഭരണഘടനാ ലംഘനമാണെന്ന് ഭരണഘടനാവിദഗ്ദ്ധരും പറയുന്നു. ഐസക്കിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഇത് ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനെതിരെ പരസ്യ വിമർശനമുയർത്തി സി.പി.എമ്മിനകത്ത് പ്രതിസന്ധിയിലായ മന്ത്രി ഐസക്കിന്, സി.എ.ജി റിപ്പോർട്ട് ചോർത്തിയതിന്റെ പേരിൽ നിയമസഭാ സമിതിക്കു മുന്നിൽ വിശദീകരണം നൽകേണ്ടി വരുന്നു. എന്നാൽ, ഇതിൽ വികസനവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ട വിഷയമുണ്ടെന്നാണ് ഐസക് അനുകൂലികളുടെ വാദം. വരും നാളുകളിൽ ഇത് ശക്തമായ രാഷ്ട്രീയ സംവാദമാക്കാനുള്ള നീക്കം പാർട്ടിക്കകത്തും പുറത്തും ഐസക്കിൽ നിന്നുണ്ടാവാം..