രേഖകൾ പിടിച്ചെടുത്തു
തിരുവനന്തപുരം /കൊച്ചി/ മഞ്ചേരി/ കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിലും കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ( ഇ.ഡി) റെയ്ഡ്.
കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. രാത്രിയോടെ കൂടുതൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്താൻ പോപ്പുലർ ഫ്രണ്ട് പണം ചെലവഴിച്ചുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. പണത്തിന്റെ ഉറവിടം കേരളമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫീസിലും ഇ.ഡി സംഘം റെയ്ഡിനെത്തിയത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തമിഴ്നാട്, കർണാടകം, ബീഹാർ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു.
ബാങ്ക് രേഖകളും ലാപ്ടോപ്പുകളും ഫയലുകളും പിടിച്ചെടുത്തെന്നും ഇവ പരിശോധിച്ചശേഷം നോട്ടീസ് നൽകി നേതാക്കളെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നും ഇ.ഡി വ്യക്തമാക്കി. ബാങ്ക് ഇടപാടുകൾ, പാർട്ടി പരിപാടികൾക്ക് ഉപയോഗിച്ച പണത്തിന്റെ കണക്കുകൾ, തിരഞ്ഞെടുപ്പ് സമയത്തെ പണമിടപാടുകൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
ഡൽഹി, കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായി സി.ആർ.പി.എഫ് അടക്കമുള്ള കേന്ദ്രസേനയുടെ കാവലിലാണ് പരിശോധന നടത്തിയത്. എല്ലായിടത്തും പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ദേശീയ പ്രസിഡന്റ് ഒ.എം.എ.സലാമിന്റെ മഞ്ചേരി കിഴക്കേത്തല മടങ്ങോട്ടെയും ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരത്തിന്റെ വാഴക്കാട്ടെയും വീടുകളിൽ ഒരേസമയമായിരുന്നു പരിശോധന. രാവിലെ എട്ടോടെ കൊച്ചിയിൽ നിന്നെത്തിയ സംഘത്തിന്റെ പരിശോധന ഉച്ചയ്ക്ക് 2.15 വരെ നീണ്ടു. നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ നിന്ന് ലാപ്ടോപ്പും രണ്ട് പെൻഡ്രൈവുകളും പുസ്തകങ്ങളും പിടിച്ചെടുത്തു. ഒ.എം.എ സലാമിന്റെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു. നിരവധി എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടി. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.പി.കോയയുടെ കോഴിക്കോട് കാരന്തൂരിലെ വീട്ടിലെ റെയ്ഡ് ഉച്ചവരെ തുടർന്നു.
സ്ഥാപക നേതാവായ ഇ.എം. അബ്ദുൾ റഹ്മാന്റെ കളമശേരിയിലെ വസതിയിലും റെയ്ഡ് നടന്നു. തിരുവനന്തപുരത്ത് പള്ളിപ്പുറം സി.ആർ.പി.എഫ് സംഘത്തിന്റെ കാവലിലായിരുന്നു കരമന അഷ്റഫ് മൗലവിയുടെ പൂന്തുറയിലെ വസതിയിൽ റെയ്ഡ്. 150ഓളം പ്രവർത്തകർ വസതിക്ക് മുന്നിൽ മുദ്റാവാക്യം മുഴക്കി. പത്തരയോടെ റെയ്ഡ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പ്രതികരിച്ചു. ഇക്കാര്യം പേപ്പറിൽ എഴുതി നൽകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. എഴുതി നൽകിയതിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് മടങ്ങാനായത്. കേന്ദ്ര സർക്കാരിനെതിരെയുള്ള കർഷക പ്രക്ഷോഭങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് റെയ്ഡെന്ന് പോപ്പുലർ ഫ്രണ്ട് നേതൃത്വം ആരോപിച്ചു. ഓഫീസിൽ ഇന്നലെ രാവിലെ പത്ത് മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. രാത്രിയോടെ കൂടുതൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയിരുന്നു.