ഭീകരബന്ധം ഉള്ളതായി സംശയം
കൊല്ലം: കടലിലൂടെ തുടർച്ചയായി വള്ളങ്ങൾ കടത്തിയ യുവാവിന് ഭീകരബന്ധമുള്ളതായി സംശയം. നീണ്ടകര ഹാർബറിന് സമീപത്ത് നിന്ന് വള്ളവും എൻജിനുകളും ഇന്ധന ടാങ്കുകളും ജി.പി.എസ് കോമ്പസുകളും കടത്തിയ തമിഴ്നാട്, കുളച്ചൽ വെള്ളമൺ, 15/165/12 വീട്ടിൽ ജനിത്താണ് (27) പിടിയിലായത്.
മാർച്ച് 2നാണ് വള്ളവും ഏകദേശം നാലരലക്ഷം രൂപ വിലയുള്ള ഉപകരണങ്ങളും മോഷണം പോയത്. വള്ളം കടൽമാർഗം തമിഴ്നാട്ടിലേക്ക് കടത്തിയതാകാമെന്ന സംശയത്തിൽ അവിടുത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ തേങ്ങാപ്പട്ടണം ഹാർബറിന് അടുത്ത് വില്പനയ്ക്കായി വച്ചിരുന്ന മോഷണം പോയ സാഗരമാത വള്ളം കണ്ടെത്തി. തുടർന്ന് സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് എൻജിനുകളും ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയ ഓട്ടോറിക്ഷ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ജനിത്തിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ജനിത്തിന്റെ താളക്കുടിയിലുള്ള വീട്ടിൽ നിന്ന് എൻജിനുകളും ഇന്ധന ടാങ്കുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.
ഒരിക്കൽ വഴുതിപ്പോയി
കൊല്ലത്ത് നിന്നുള്ള അന്വേഷണ സംഘം ദിവസങ്ങളോളം തേങ്ങാപ്പട്ടണത്ത് തങ്ങിയെങ്കിലും ജനിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ എവിടെയുണ്ടെന്ന് കണ്ടെത്താനായില്ല. പല ഹാർബറുകളിലായി മാറിമാറി താമസിക്കുന്നതായിരുന്നു പ്രതിയുടെ ശൈലി. ഇതിനിടയിൽ താളക്കുടി എന്ന സ്ഥലത്ത് പ്രതി ഇടയ്ക്കിടെ എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതോടെ അവിടെ ജനിത്തിനായി വലവിരിച്ചു. വയൽവരമ്പിലൂടെ നടന്നുവരികയായിരുന്ന ജനിത്തിനെ പിടിക്കാൻ ബൈക്കിലെത്തിയ പൊലീസ് സംഘം ശ്രമിച്ചെങ്കിലും വഴുതി രക്ഷപ്പെട്ടു.
കുടുക്കിയത് തന്ത്രപൂർവം
ചൊവ്വാഴ്ച അരുൾവായ്മൊഴി എന്ന സ്ഥലത്തുള്ള ജനിത്തിന്റെ ബന്ധു തൂങ്ങിമരിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സംഭവത്തിൽ ചോദ്യം ചെയ്യാൻ ജനിത്തിനെ വിളിപ്പിക്കാൻ തമിഴ്നാട് പൊലീസിനോട് ആവശ്യപ്പെട്ടു. അതിനായി ഇന്നലെ ജനിത്ത് സ്റ്റേഷനിലെത്തിയപ്പോൾ ഇവിടെ നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ട്രെയിൻ മാർഗം കൊല്ലത്ത് എത്തുന്ന ജനിത്ത് ഹാർബറുകളിൽ തമ്പടിച്ച ശേഷം അവസരം കിട്ടുമ്പോൾ വള്ളവും ഉപകരണങ്ങളും കടൽമാർഗം കടത്തും. പിന്നീട് നമ്പർ മാറ്റി വിൽക്കുന്നതാണ് പതിവ്. കോസ്റ്റൽ എസ്.ഐ എം. അബ്ദുൽ മജീദ്, എ.എസ്.ഐ ഡി. ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, എ. അനിൽ, കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വള്ളം മോഷ്ടിച്ചത് ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണോയെന്ന സംശയവുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനും സമാനമായ മറ്റ് മോഷണങ്ങളെക്കുറിച്ചുള്ള വിവരത്തിനുമായി പ്രതിയെ നാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കോസ്റ്റൽ സി.ഐ എസ്. ഷെരീഫ് അറിയിച്ചു.