ആലുവ: നഗരത്തിൽ മോഷണത്തിന് ആസൂത്രണംചെയ്ത് ആയുധങ്ങളുമായി എത്തിയ മോഷണസംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ. ഒറ്റപ്പാലം കല്ലടിപ്പാറയിൽ പോക്കുംപടി ലക്ഷംവീട് കോളനി കിഴക്കുംപറമ്പിൽ വീട്ടിൽ ഉമ്മർ (50), തഞ്ചാവൂർ കുംഭകോണം അതിയൂർഭാഗത്ത് സിത്തരസൻ (27) എന്നിവരെയാണ് കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തുള്ള ഓവർബ്രിഡ്ജ് ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്.
പ്രതികൾ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ആലുവയിലും പരിസരങ്ങളിലും മോഷണം നടന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. സമാനസാഹചര്യത്തിൽ പെരുമ്പാവൂർ ചേലാമറ്റം തൊട്ടിയിൽവീട്ടിൽ ആല്ബിൻ (28), പാലക്കാട് കള്ളമല മുക്കാലി നാക്കുകാട്ട് വീട്ടിൽ ഷാജി മാത്യു (45) എന്നിവരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.
അന്വേഷണസംഘത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ് ഐമാരായ ആർ. വിനോദ്, പി. സുരേഷ്, ഇ.എ. അബ്ദുൾ അസീസ്, എ.എസ്.ഐ ഷാജി എന്നിവരുമുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.