ന്യൂഡൽഹി: സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിനു പിന്നാലെ ഡിജിറ്റൽ സേവനത്തിൽ തടസം നേരിട്ട് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയും. ഡിജിറ്റൽ സേവന മൊബൈൽ ആപ്ളിക്കേഷനായ എസ്.ബി.ഐ യോനോയിലാണ് സെർവർ പ്രശ്നങ്ങളുണ്ടായത്.
പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും ഉപഭോക്താക്കൾക്ക് ഓൺലൈൻ സേവനവും (ഓൺലൈൻ എസ്.ബി.ഐ) യോനോ ലൈറ്റും തടസമില്ലാതെ ഉപയോഗിക്കാമെന്നും ബാങ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങളിൽ തുടർച്ചയായി തടസം നേരിട്ടതിനാൽ എച്ച്.ഡി.എഫ്.സി ബാങ്കിനോട് പുതിയ ഡിജിറ്റൽ സേവനങ്ങളും ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ചേർക്കലും തത്കാലം നിറുത്തിവയ്ക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.