കുമരകം: ബിരുദാനന്തര ബിരുദധാരിയാണെങ്കിലും കുമരകം പന്ത്രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ദിവ്യ ടീച്ചർ കണ്ടെത്തിയ ഉപജീവനമാർഗം മീൻ വില്പനയാണ്. ജീവിത പ്രാരാബ്ധങ്ങളാണ് മീൻവില്പനയിലേക്കെത്തിച്ചത്. സമീപത്തെ പാരലൽ കോളേജിൽ അദ്ധ്യാപികയായിരുന്നു ദിവ്യ. അങ്ങിനെയാണ് പേരിനു പിന്നിൽ ടീച്ചർ ചേർന്നത്.
കൊവിഡ് മൂലം അദ്ധ്യാപനം നിലച്ചതോടെ വരുമാനം ഇല്ലാതായി. കെട്ടിടം പണിക്കാരനായ ഭർത്താവ് റിനൂപ് ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിത്സയിലാണ്. അച്ഛൻ ഒരു ഭാഗം തളർന്ന് കിടപ്പിലും. കുടുംബം മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥ വന്നതോടെയാണ് വീടിനു സമീപം മീൻ വില്പന തുടങ്ങിയത്.
വൈകുന്നേരങ്ങളിൽ സമീപത്തുള്ള കുട്ടികൾക്ക് ട്യൂഷനുമെടുക്കും. ഇതിനിടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. പകൽ മീൻ വാങ്ങാൻ വരുന്നവരോട് വോട്ടഭ്യർത്ഥിക്കും. അതിരാവിലെയും വൈകിട്ടും വീടുകൾ തോറും കയറും. സാധാരണക്കാരുടെ ബുദ്ധിമുട്ട് അനുഭവിച്ചറിയുന്ന തന്നോട് വോട്ടർമാർ അനുഭാവം കാട്ടുമെന്ന പ്രതീക്ഷയിലാണ് ദിവ്യ.