കോട്ടയം: രാഷ്ട്രീയം മാത്രമല്ല കൃഷിയും ചർച്ചയാകുന്ന ഡിവിഷനാണ് പൂഞ്ഞാർ. റബറിന്റെ വിലയിടിവും കാട്ടുമൃഗങ്ങളുടെ ശല്യവും മൂലം പൊറുതിമുട്ടിയ കർഷകരാണ് പ്രധാന വോട്ടർമാർ. ഇതിനൊപ്പം കേരളാ കോൺഗ്രസിന്റെ മുന്നണിമാറ്റവും പൂഞ്ഞാറിൽ ചർച്ചയാകുന്നു. മൂന്നു മുന്നണികൾക്കൊപ്പം ജനപക്ഷവും മത്സരിക്കുന്നതോടെ പോരാട്ടത്തിന് വീറും വാശിയുമേറുമെന്നുറപ്പ്.
വിവിധ കേരളാ കോൺഗ്രസുകൾക്ക് വേരോട്ടമുള്ള മണ്ണാണ് പൂഞ്ഞാർ. രാഷ്ട്രീയത്തെക്കുറിച്ചാണെങ്കിലും കൃഷിയെക്കുറിച്ചാണെങ്കിലും ചർച്ചകൾ റബർ പോലെ നീണ്ടാൽ അത്ഭുതപ്പെടേണ്ടാത്ത നാടുമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പം നിന്നിരുന്നവർ ഇത്തവണ ചേരിതിരിഞ്ഞു നിൽക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തവണ ഇടതുമുന്നണിയിൽ കേരളാ കോൺഗ്രസ് സെക്കുലർ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ യു.ഡി.എഫിനു വേണ്ടി കോൺഗ്രസും എൽ.ഡി.എഫിനായി കേരളാ കോൺഗ്രസ് ജോസ് വിഭാഗവും എൻ.ഡി.എയിൽ നിന്നു ബി.ജെ.പിയും ജനപക്ഷവുമാണ് ഡിവിഷനിൽ മത്സരിക്കുന്നത്.
പൂഞ്ഞാർ, തീക്കോയി, തലനാട്, മേലുകാവ്, മൂന്നിലവ്, തലപ്പുലം, തിടനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
വി.ജെ.ജോസ്
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തീക്കോയി പഞ്ചായത്ത് പ്രസിഡന്റും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്തും സജീവമാണ്.
അഡ്വ.ബിജു ജോസഫ്
കേരളാ കോൺഗ്രസ് ജോസ് വിഭാഗം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയായ ബിജു ജോസഫാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ബിജു യൂത്ത് ഫ്രണ്ട് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് , ബാർ അസോസിയേഷൻ സെക്രട്ടറി, കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, കേരളാ ലോയേഴ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഷോൺ ജോർജ്
പി.സി. ജോർജ് എം.എൽ.എയുടെ മകനും ഇരുപത് വർഷമായി വിദ്യാർത്ഥി, യുവജന രാഷ്ട്രീയരംഗത്ത് സജീവ സാന്നിദ്ധ്യവുമായ ഷോൺ ജോർജാണ് ജനപക്ഷം സ്ഥാനാർത്ഥി. മീനച്ചിൽ അർബൻ ബാങ്ക് വൈസ് പ്രസിഡന്റാണ്. യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, യുവജന ജനപക്ഷം സംസ്ഥാന സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോർഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
വി.സി.അജികുമാർ
ബി.ജെ.പി കോട്ടയം ജില്ലാ സെക്രട്ടറി വി.സി അജികുമാറാണ് എൻ.ഡി.എ
മുന്നണിയുടെ സ്ഥാനാർത്ഥി. ആർ.എസ്.എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ സംഘാടന മികവുമായാണ് ജനവിധി തേടുന്നത്. ബി.ജെ.പിയുടെ പൂഞ്ഞാർ മണ്ഡലം പ്രസിഡന്റായിരിക്കേ നേടിയ ജനസമ്മതി വോട്ടാകുമെന്നാണ് വിശ്വാസം.