ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക ബില്ലിനെതിരെ ഒരാഴ്ചയിലേറെയായി രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസംബർ എട്ട് ( ചൊവ്വാഴ്ച ) കർഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. വിവാദ കര്‍ഷക നിയമങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്. നാളെ രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചതായി ഭാരതീയ കിസാൻ യൂണിയൻ ജനറല്‍ സെക്രട്ടറി എച്ച്.എസ് ലാഖോവാൾ അറിയിച്ചു.
ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് നിലവിൽ ഡൽഹിയിൽ പ്രതിഷേധം തുടരുന്നത്. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്ന് കർഷകർ അറിയിച്ചിരുന്നു.
കാർഷിക നിയമങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിൻമാറാതെ മറ്റൊരു സമവായത്തിനും തയാറല്ലെന്നും നിയമം പിൻവലിക്കും വരെ സമരം തുടരുമെന്നുമാണ് കർഷക സംഘടനകളുടെ തീരുമാനം. കർഷക സംഘടനകളുടെ പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലെ സിംഗു, തിക്രി, ഗാസിപുർ അതിർത്തികൾ അടഞ്ഞു കിടക്കുകയാണ്. ഇതുമൂലം ഡൽഹിയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെയും തടസപ്പെടുത്തിയിട്ടുണ്ട്.