ചിറ്റാരിക്കാൽ: കോൺഗ്രസ് നേതാവ് ശാന്തമ്മ ഫിലിപ്പ് നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞതവണ ജയിച്ച ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ ശക്തമായ പോരാട്ടമാണ്. വീറും വാശിയും ഏറിയതോടെ ഈ മലയോര ഡിവിഷൻ ആരുടെ കൂടെ നിൽക്കുമെന്നറിയാൻ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കേണ്ടിവരും.
ഇടതുപിന്തുണയോടെ ഡി.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് ചിറ്റാരിക്കാലിൽ പോരാട്ടം. കോൺഗ്രസുമായി ഇടഞ്ഞ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഡിവിഷനിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. സുപരിചിതനും മണ്ഡലത്തിൽ ഏറെ സൗഹൃദവലയവുമുള്ള അഡ്വ. പി. വേണുഗോപാലിനെയാണ് ഡി.ഡി.എഫ് കളത്തിലിറക്കിയത്. വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നീ നിലകളിലും പരിചയ സമ്പന്നനാണ്.
കോൺഗ്രസിലെ യുവപോരാളിയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും വെള്ളരിക്കുണ്ട് സ്വദേശിയുമായ ജോമോൻ ജോസിനെയാണ് ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്. ബി.ഡി.ജെ.എസിന്റെ കടന്നുവരവോടെ ഇതാദ്യമായി എൻ.ഡി.എയുടെ ശക്തമായ സാന്നിധ്യം ഡിവിഷനിൽ ഇരുമുന്നണിക്കും ഭീഷണിയാവുകയാണ്. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ ആണ് എൻ.ഡി.എയ്ക്കുവേണ്ടി ജനവിധി തേടുന്നത്.
ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളും ബളാൽ പഞ്ചായത്തിലെ അഞ്ചു മുതൽ 13 വരെയുള്ള വാർഡുകളുമാണ് ഡിവിഷന്റെ പരിധിയിൽ വരുന്നത്.
വോട്ടർമാരെ നേരിൽ കണ്ടും പര്യടനം നടത്തിയും പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഡി.ഡി.എഫിന് രണ്ടു പഞ്ചായത്തിലുമുള്ള സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല. വ്യക്തിപരമായ സൗഹൃദം കൂടുതൽ വോട്ടുകിട്ടാൻ സഹായിക്കും. ജില്ലാ പഞ്ചായത്ത് ഭരിച്ചിട്ടും യു.ഡി.എഫ് ചിറ്റാരിക്കാലിൽ ഒരു വികസനവും കൊണ്ടുവന്നിട്ടില്ല. നല്ല ഭൂരിപക്ഷത്തിന് ഡിവിഷൻ തിരിച്ചു പിടിക്കും.
അഡ്വ. പി. വേണുഗോപാലൻ
(എൽ.ഡി.എഫ്)
ഡി.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ ഒരു ഭീഷണിയെയല്ല. ആ സംഘടനയിൽ കൊഴിഞ്ഞുപോക്ക് വ്യാപകമാണ്. പലരും കോൺഗ്രസിലേക്ക് തിരിച്ചുവന്നു. സർക്കാരിന്റെയും സി.പി.എമ്മിന്റെയും അഴിമതിയിൽ വോട്ടർമാർ പ്രതിഷേധത്തിലാണ്. യു. ഡി.എഫ് ഇത്തവണ നല്ല ഭൂരിപക്ഷത്തിന് ഡിവിഷൻ നിലനിർത്തും.
ജോമോൻ ജോസ്
(യു.ഡി.എഫ്)
നഗരങ്ങളും ഗ്രാമ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പ്രചാരണം. എൻ.ഡി.എ യോഗങ്ങളിലും കൺവെൻഷനുകളിലും നല്ല പങ്കാളിത്തം ഉണ്ടാകുന്നുണ്ട്. മലയോരത്തെ സംഘടനാപരമായ കെട്ടുറപ്പ് ബി.ഡി.ജെ.എസിന് അനുകൂലമായ വോട്ടായി മാറും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കെ. കുഞ്ഞികൃഷ്ണൻ
(എൻ.ഡി.എ)