ഒരു വർഷത്തിനിടെ ചികിത്സ കിട്ടാതെ മരിച്ചത് 13 പേർ
കണ്ണവം: റോഡില്ല, സ്കൂളില്ല, ആശുപത്രിയില്ല. വോട്ട് അഭ്യർത്ഥിച്ചു വരുന്നവരോട് ചെന്നപ്പൊയിലുകാർക്ക് ഒന്നേ പറയാനുള്ളൂ. ഇത്തവണ ആർക്കും വോട്ടില്ല. സ്കൂളിലെത്താൻ കുത്തനെയുള്ള കയറ്റിറക്കങ്ങൾ കയറിയിറങ്ങി എട്ടു കിലോമീറ്റർ നടക്കണം. പിഞ്ചുകുഞ്ഞുങ്ങൾക്ക് അങ്കണവാടിയിലേക്ക് ആറു കിലോമീറ്റർ യാത്ര. ആശുപത്രിയിലെത്താൻ 15 കിലോമീറ്റർ. അതും പായയിലോ ചാക്ക് കഷ്ണത്തിലോ കെട്ടി തോളിലേറ്റി വേണം പോകാൻ. നെഞ്ചുവേദന വന്നാൽ മരിക്കുക മാത്രമാണ് വഴി. പത്ത് വർഷത്തിനിടെ യഥാസമയം ചികിത്സ കിട്ടാത്തതു കാരണം നിരവധി പേരാണ് ഇവിടെ മരണപ്പെട്ടത്.
ഒഡീഷയിലോ ബീഹാറിലോ അല്ല ഈ ഗ്രാമം. നമ്മുടെ കേരളത്തിൽ കണ്ണൂർ ജില്ലയിലെ കണ്ണവം ചെന്നപ്പൊയിൽ ആദിവാസി കോളനിയുടെ അവസ്ഥയാണിത്. ഈ ദുരവസ്ഥ പരിഹരിക്കാൻ ആരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾപ്പെടുന്ന ചെന്നപ്പൊയിൽ കോളനി നിവാസികൾ ഇത്തവണ വോട്ട് ബഹിഷ്കരിക്കുന്നു. ഇനിയും ഇത് ആവർത്തിക്കാൻ കഴിയില്ലെന്ന് ഈ ഗ്രാമം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു.
ആദിവാസി ക്ഷേമത്തിനായി കോടികൾ ഒഴുകുമ്പോഴും ചെന്നപ്പൊയിലിനു നേരെ എല്ലാവരും മുഖം തിരിക്കുന്നു. എന്തെങ്കിലും പരാതിയുമായി ആരെയെങ്കിലും സമീപിച്ചാൽ കിട്ടിയതു കൊണ്ട് തൃപ്തിപ്പെട്ടാൽ മതിയെന്ന മറുപടിയും. പ്രശ്നപരിഹാരത്തിനായി ആരും മുൻകൈയെടുക്കാത്തതിൽ പ്രതിഷേധിച്ച് പലരും കോളനി വിട്ടു പോകുകയാണ്.
78 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വിദ്യാർഥികളുമുണ്ട്. യാത്രാ സൗകര്യമില്ലാത്തതിനാൽ പലരും സ്കൂളുകളിൽ പോകാറില്ല. സ്കൂളിൽ നിന്നും കുട്ടികൾ തിരിച്ചെത്തുമ്പോൾ രാത്രി ഏഴ് മണിയാകും. വനമേഖലയിൽ പെട്ട സ്ഥലമായതിനാൽ വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ഭീഷണിയുമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 13 പേരാണ് ചികിത്സ കിട്ടാതെ ഇവിടെ മരിച്ചത്.
എത്രകാലമായി ഒരു റോഡിനു വേണ്ടി നിലവിളിക്കാൻ തുടങ്ങിയിട്ട്. ഞങ്ങളുടെ വേദന ആരും കാണുന്നില്ല. ഒരു രാഷ്ട്രീയപാർട്ടിക്കാരും ആദിവാസി ക്ഷേമ പ്രവർത്തകരും ഈ വഴി വരാറില്ല. നിരവധി തവണ നിവേദനങ്ങളുമായി ജനപ്രതിനിധികളെയും മറ്റും സമീപിച്ചെങ്കിലും ഒന്നിനും പരിഹാരമായില്ല. അതുകൊണ്ട് ഇത്തവണ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ചേർന്ന് വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചു.
സുനിൽ ചെന്നപ്പൊയിൽ
കോളനിവാസി