റാഞ്ചി: സർക്കാർ ജോലി നേടാൻ കഷ്ടപ്പെട്ട് പഠിച്ചാൽ മാത്രം പോരാ പുകയില തുടങ്ങിയ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും പാടില്ല.ഇത്തരത്തിൽ ഒരു നിയമം വന്നാൽ എന്താകും നാട്ടിലെ അവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അത്തരത്തിൽ ഒരു നിയമം സംസ്ഥാനത്ത് കൊണ്ടുവരാനൊരുങ്ങുകയാണ് ഝാർഖണ്ഡ് സർക്കാർ.
പുതിയ നിയമപ്രകാരം ഝാർഖണ്ഡിൽ സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം എഴുതി നൽകണം. നിലവിലുള്ള സർക്കാർ ജീവനക്കാർ അവരുടെ ഓഫീസുകളിൽ ആരും പുകയില വസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു നൽകി സത്യവാങ്മൂലം നൽകണം. ചീഫ് സെക്രട്ടറി സുഖ്ദിയോ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന പുകയില നിയന്ത്രണ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
പുതിയ നിയമം 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അതിന് മുമ്പായി ജീവനക്കാർ സത്യവാങ്മൂലം നൽകണമെന്നും ഝാർഖണ്ഡ് ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധിയിൽ പത്ത് മീറ്റർ ചുറ്റളവിൽ പുകയില വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.