SignIn
Kerala Kaumudi Online
Thursday, 04 March 2021 10.18 PM IST

രജനിക്കൊപ്പം കമലഹാസൻ? ആകാംക്ഷയോടെ തമിഴകം

rajani-kamal-hassan

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടിക്കൊപ്പം കമലഹാസനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടി മക്കൾ നീതി മെയ്യവും കൈകോർക്കുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് തമിഴകം. രജനി - കമൽ ചർച്ച ഉടനുണ്ടാകുമെന്ന് ഇന്നലെ കിംവദന്തി ഉയർന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കമലഹാസനുമായി രാഷ്ട്രീയത്തിൽ സഖ്യമുണ്ടാക്കുമെന്ന് നേരത്തെ രജനി സൂചന നൽകിയിരുന്നു. '44 വർഷമായി ഞങ്ങൾ സൗഹൃദത്തിലാണ്. തമിഴ്നാടിന്റെ വികസനത്തിനായി ഞങ്ങൾ ഒരുമിക്കണമെങ്കിൽ അതുണ്ടാകും.' എന്നായിരുന്നു രജനിയുടെ പ്രതികരണം. കമലഹാസനും ഇതേ നിലപാടായിരുന്നു.

കമലിന്റെ കാര്യത്തിൽ അഭ്യൂഹങ്ങൾ തുടരവെ, നിരവധി സിനിമാതാരങ്ങളും,​ അണ്ണാ ഡി.എം.കെ, ഡി.എം.കെ, കോൺഗ്രസ് പാർട്ടികളിലെ അസംതൃപ്തരും രജനിയുടെ പാർട്ടിയിലേക്കെത്തുമെന്നുറപ്പായി. ന‌ർത്തകനും നടനുമായ ലോറൻസ് രജനിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. പാർട്ടി പ്രഖ്യാപനത്തിനു മുമ്പ് പരമാവധി പ്രമുഖരെ സ്വന്തം ക്യാമ്പിലെത്തിക്കാനാണ് രജനിയുടേയും ശ്രമം. ഇതിനായി രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ,​ ചീഫ് കോ - ഓ‌ർഡിനേറ്റർ അർജുന രാമമൂർത്തി എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

രജനിയുടെ പാർട്ടി പ്രഖ്യാപനത്തോടെ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ഒരു പൊളിച്ചെഴുത്തുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അധികാരത്തുടർച്ചയുണ്ടാകാൻ സാദ്ധ്യമല്ലാത്തതിനാൽ അണ്ണാ ഡി.എം.കെയിൽ നിന്നാകും കൂടുതൽ നേതാക്കളും അണികളും രജനിക്കൊപ്പം പോകാൻ സാദ്ധ്യത. അതിനൊപ്പം ഡി.എം.കെയിൽ നിന്നും ഒരു പ്രമുഖ നേതാവെങ്കിലും രജനിക്കൊപ്പം ചേർന്നാൽ ഏതെങ്കിലും മുന്നണിയെ നയിക്കുന്ന പ്രധാന പാർട്ടിയായി രജനികാന്തിന്റെ പാർട്ടിക്ക് മാറാനാകും. 20 മുതൽ 25 വരെ ശതമാനം വോട്ടർമാർക്കിടയിൽ രജനികാന്തിന് സ്വാധീനമുണ്ടെന്ന് ഒരു സ‌ർവേയിൽ കണ്ടത്. രജനി മുഖ്യമന്ത്രിയാകാനാണ് മത്സരിക്കുന്നത് വ്യക്തമായാൽ അത് 40 ശതമാനംവരെയായി വർദ്ധിക്കാം. ഈ സാദ്ധ്യത മുന്നിൽ കണ്ടാകും വരും ദിവസങ്ങളിൽ മറ്റ് രാഷ്ട്രീയപാർട്ടികളും നിലപാടുകൾ സ്വീകരിക്കുക. പാർട്ടി രൂപീകരിച്ച് ഒറ്റയ്ക്ക് മത്സരിക്കാൻ രജനി തീരുമാനിച്ചാൽ തമിഴ്നാട് ഒരു ബഹുകോണ മത്സരത്തിന് സാക്ഷ്യം വഹിക്കും.

അണ്ണാ ഡി.എം.കെ

ജയലളിതയ്ക്ക് ശേഷം ഒ.പനീർശെൽവത്തിന്റെ വെല്ലുവിളി അതിജീവിച്ച് മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിയാണ് ഇപ്പോഴും പാർട്ടിയിലെ ശക്തൻ. ഒ.പി.എസ് വിഭാഗം അസംതൃപ്തരാണ്. രജനിയുടെ വരവ് കൂടുതൽ ദോഷമാവുക അണ്ണാ ഡി.എം.കെയ്ക്കായിരിക്കും.

 ഡി.എം.കെ

കേഡർ പാർട്ടിയെന്നാണ് പറച്ചിലെങ്കിലും കുടുംബഭരണമാണ് നടക്കുന്നത്. സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാണെന്ന് ഉറപ്പിച്ച മട്ടാണ്. കുടുംബാംഗങ്ങൾക്കിടയിൽ തന്നെ ഐക്യമില്ലായ്മയുണ്ട്. ഡി.എം.കെയ്ക്ക് സാദ്ധ്യതയുള്ള വോട്ടിൽ നല്ലൊരുപങ്ക് നേടിയാൽ രജനിക്ക് ലക്ഷ്യം നേടാം.

 ബി.ജെ.പി

രജനിയുടെ പ്രഖ്യാപനത്തിനു പിന്നിൽ ബി.ജെ.പിയുടെ തിരക്കഥയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. നിലവിൽ നിയമസഭയിൽ ബി.ജെ.പിക്ക് ഒരു അംഗം പോലുമില്ല. രജനിയെ മുന്നിൽ നിറുത്തി അധികാര പങ്കാളിത്തം ലക്ഷ്യമിടുന്നു. വേണ്ടിവന്നാൽ അണ്ണാ ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിക്കും.

ഡി.എം.ഡി.കെ

ഏറ്റവും ഒടുവിൽ പുതിയ പാർട്ടി (ഡി.എം.ഡി.കെ) രൂപീകരിച്ച് എല്ലാ നിയമസഭാസീറ്റിലും മത്സരിക്കാൻ ധൈര്യം കാണിച്ചത് നടൻ വിജയകാന്തായിരുന്നു. 2006ൽ വിജയകാന്ത് മാത്രം വിജയിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായി 29 സീറ്റ് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് മുന്നണിയുണ്ടാക്കി ഒരു സീറ്റും കിട്ടിയില്ല. അനാരോഗ്യം കാരണം ലോക്‌സഭാ തിരഞ്ഞടുപ്പിൽ പ്രചാരണത്തിനിറങ്ങിയില്ല. വിജയകാന്തിന്റെ പിന്തുണ രജനി തേടിയേക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAJANI KAMAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.