പാലക്കാട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്നും കാൽനടക്കാർക്ക് രക്ഷയേകാൻ നിർമ്മിക്കുന്ന മേൽപ്പാലങ്ങളിൽ രണ്ടാമത്തേതിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ബി.ഇ.എം സ്കൂളിന് മുന്നിലാണ് ഈ പാലം ഉയരുന്നത്. വിദ്യാർത്ഥികൾക്ക് വാഹന തിരക്കിനിടെ പേടികൂടാതെ റോഡ് മുറിച്ചുകടക്കാനാണ് പ്രധാനമായും പാലം പണിയുന്നത്. ബി.ഇ.എം സ്കൂളിന് മുന്നിൽ നിന്ന് തുടങ്ങി ഡോ.കൃഷ്ണൻ മെമ്മോറിയൽ പാർക്കിന് സമീപം അവസാനിക്കുന്ന വിധത്തിലാണ് നിർമ്മാണം. പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കി ഉടൻ തുറന്നുകൊടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ഉയരുന്നത് നാല് പാലങ്ങൾ
രണ്ടുകോടി ചെലവിൽ നാല് നടപ്പാലങ്ങളാണ് നഗരത്തിൽ നിർമ്മിക്കുന്നത്. ആദ്യത്തേത് വിക്ടോറിയ കോളേജിന് മുന്നിലാണ് സ്ഥാപിച്ചത്. പി.എം.ജി സ്കൂൾ, ഗവ.മോയൻ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ബാക്കി രണ്ട് പാലം. ബി.ഇ.എം സ്കൂളിന് മുന്നിലെ പാലം പണി പൂർത്തീകരിച്ചാൽ മറ്റ് രണ്ടെണ്ണത്തിന്റെ നിർമ്മാണം തുടങ്ങും. പി.എം.ജി സ്കൂളിനുള്ളിലെ പഴയ ബുക്ക് ഡിപ്പോ കെട്ടിടത്തിന് സമീപത്ത് നിന്ന് തുടങ്ങി സി.പി.എം ഓഫീസിന് സമീപത്തെ മിൽമ ബൂത്തിന് പിന്നിൽ അവസാനിക്കുന്ന വിധത്തിലാണ് പാലം പണിയുക. മോയൻ എൽ.പി സ്കൂളിൽ നിന്ന് തുടങ്ങി മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അവസാനിക്കും വിധമാണ് നാലാമത്തെ മേല്പാലം.