ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാവിക സേനയുടെ നിറങ്ങളിലുള്ള എം.എച്ച് - 60 റോമിയോ ഹെലികോപ്റ്ററിന്റെ ആദ്യ ചിത്രം പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന്. ട്വിറ്ററിലൂടെയാണ് ആശംസകളോടെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് ഏറെ നിർണായകമായ പ്രതിരോധ ഇടപാടിനായി ഇന്ത്യയും അമേരിക്കയും കൈകോർത്തത്. കര, നാവിക സേനകൾക്കായി 30 സായുധ ഹെലികോപ്ടറുകളാണ് ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങുന്നത്. കരസേനയ്ക്കായി ലോകത്തെ ഏറ്റവും മികച്ച എ.എച്ച്.64 ഇ അപ്പാച്ചെയും, നാവിക സേനയ്ക്കായി എം.എച്ച് - 60 'റോമിയോ 'സീഹോക്ക് ഹെലികോപ്ടറുകളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
This #NavyDay, we are proud to share the first look of the #IndianNavy’s #MH60R in all its glory. #RomeoForIndia 🇮🇳#NavyDay2020 pic.twitter.com/vZoOgFq4DH
— Lockheed Martin India (@LMIndiaNews) December 4, 2020
24 എം.എച്ച് - 60 'റോമിയോ ' സീഹോക്ക് ഹെലികോപ്ടറുകൾക്കാണ് ഇന്ത്യ ഓർഡർ ചെയ്തിരിക്കുന്നത്. 260 കോടി യു.എസ് ഡോളർ (18,400 കോടി രൂപ ) ആണ് ഇവയുടെ ചെലവ്. യു.എസിന് പുറമേ ഡെൻമാർക്ക്, ഓസ്ട്രേലിയ, സൗദി അറേബ്യ, ബ്രസീൽ, തുർക്കി, സ്പെയിൻ എന്നിവയാണ് നിലവിൽ സീഹോക്ക് ഉപയോഗിക്കുന്ന രാജ്യങ്ങൾ.
പ്രത്യേകതകൾ
നീളം - 64 അടി
ഉയരം - 13 - 17 അടി
വേഗത - മണിക്കൂറിൽ 267 കിലോമീറ്റർ
8 ഹെൽഫയർ മിസൈലുകളെ വഹിക്കാനുള്ള ശേഷി
സമുദ്ര ദൗത്യങ്ങളിൽ ഏറ്റവും മികച്ചത്
തെരച്ചിലിന് അത്യാധുനിക ലേസർ, റഡാർ സംവിധാനങ്ങൾ
ശത്രുക്കളെ നേരിടാൻ പ്രത്യേക സെൻസറുകൾ
അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങൾ
ശക്തമായ പ്രതിരോധ സംവിധാനം
തെരച്ചിൽ - രക്ഷാപ്രവർത്തനങ്ങൾ, വൈദ്യസഹായം, സുരക്ഷ തുടങ്ങിയ മേഖലകളിലും ഉപയോഗിക്കാം.