കൊച്ചി: 'കൊവിഡ് രോഗികൾക്കും സമൂഹത്തിനും എന്നെ ആവശ്യമുണ്ട്. തളർന്നിരിക്കാനോ ജോലി ഉപേക്ഷിക്കാനോ ഞാനില്ല..."
കൊവിഡിനോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച് വീണ്ടും രോഗികളെ പരിചരിക്കാൻ എത്തിയതാണ് ഡോ. രാശി കുറുപ്പ്. കലൂർ പി.വി.എസ് കൊവിഡ് അപെക്സ് സെന്ററിലാണ് ഈ ഡോക്ടറുടെ സേവനം.
നെഞ്ചുവേദന കാരണം ശ്വാസമെടുക്കാനാവാതെ ഐ.സി.യുവിൽ കിടന്നപ്പോൾ രാശി എടുത്ത തീരുമാനമാണിത്. കൊവിഡ് മാറിയാലുടൻ ഡോക്ടറായി തന്നെ ആശുപത്രിയിൽ തിരിച്ചെത്തണം. മാരകാവസ്ഥയിൽ രോഗത്തോട് പൊരുതുമ്പോൾ സഹപ്രവർത്തകർ നൽകിയ കരുതലും സ്നേഹവും മാനസിക പിന്തുണയുമാണ് ധൈര്യം പകർന്നത്.
'വൈറസ് ബാധ മൂലം ഹൃദയത്തിന് തകരാറുണ്ടാകുന്ന മയോകാർഡിറ്റിസ് എന്ന രോഗാവസ്ഥയിൽ മരണമുഖം കണ്ട നാളുകളിൽ ഡോക്ടർമാരുടെ സേവനത്തിന്റെ മഹത്വം അറിഞ്ഞു"- 33 കാരിയായ രാശി പറയുന്നു.
ഒക്ടോബർ 23 നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഡോ. രാശി പി.വി.എസ് കൊവിഡ് സെന്ററിൽ സന്നദ്ധ സേവനത്തിന് എത്തുന്നത്. സർക്കാരിന്റെ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് എത്തിയത്. ഒന്നര വയസുള്ള മകളെ വീട്ടുകാരെ ഏല്പിച്ചു. ഭർത്താവ് ശ്യാംകുമാർ പൂർണ പിന്തുണ നൽകി.
ഒരാഴ്ച പിന്നിട്ടപ്പോൾ ചെറിയ പനി. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ്. പനി മാറിയെങ്കിലും കടുത്ത ശ്വാസതടസവും നെഞ്ചുവേദനയും തുടർന്നു. ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് പോസിറ്റീവ്.
പി.വി.എസ് ആശുപത്രിയിൽ തന്നെ ഡോ. രാശി കൊവിഡ് രോഗിയായെത്തി. ശ്വാസകോശത്തിൽ ന്യൂമോണിയ. കൂടുതൽ ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറി കൊവിഡ് രോഗിയായാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐ.സി.യുവിൽ. പിന്നീട് മുറിയിലേക്ക് മാറ്റി. വീണ്ടും അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്.
കൊവിഡ് ശരീരത്തിൽ ഏൽപ്പിച്ച ആഘാതങ്ങൾ തുടർ ദിവസങ്ങളിൽ പുറത്തുവരാൻ തുടങ്ങി. സംസാരിക്കാനും നടക്കാനും വയ്യ. നെഞ്ചുവേദനയും ശ്വാസംമുട്ടലും മാറുന്നില്ല. ഹൃദയ പരിശോധനയിൽ മൈനർ ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കണ്ടു. കുഞ്ഞിനെ താലോലിക്കാൻ പോലും കഴിയാതെ മുഴുവൻ സമയം വിശ്രമം. മരുന്നുകൾ ആശ്വാസം നൽകിയെങ്കിലും പൂർണമായും ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോൾ കിതപ്പുണ്ട്. പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൊവിഡിനെതിരായ പോരാട്ടം തുടരുക തന്നെ.