കിളിമാനൂർ: കൊവിഡ് വ്യാപനത്തിനിടയിലും ക്രിസ്മസിനെ വരവേല്ക്കാൻ വിപണിയൊരുങ്ങി. കടകളിൽ നക്ഷത്രങ്ങളും പുൽക്കൂടും അലങ്കാര വിളക്കുകളും നിരന്നുകഴിഞ്ഞു. എന്നാൽ വാങ്ങാൻ എത്തുന്നവരുടെ വലിയ തിരക്കില്ല. കൊവിഡ് കാലത്ത് എത്രമാത്രം വില്പനയുണ്ടാകുമെന്ന് അറിയില്ലാത്തതിനാൽ പുതു ട്രെൻഡുകളും പുത്തൻ സ്റ്റോക്കും അധികം എത്തിയിട്ടില്ല. എങ്കിലും എൽ.ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച ക്രിസ്മസ് പാപ്പായുടെ മുഖാവരണങ്ങളാണ് ഈ വർഷത്തെ പുതുമ. കടലാസ് നക്ഷത്രങ്ങളെക്കാൾ എൽ.ഇ.ഡി സ്റ്റാറുകൾക്കാണ് ഇത്തവണയും ഡിമാൻഡ്. വലിപ്പവും ടൈപ്പും അനുസരിച്ചാണ് ഇവയുടെ വില. ചെറുതും വലുതുമായ നക്ഷത്രങ്ങൾ, പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ അതിന്റെ അലങ്കാരങ്ങൾ, ലൈറ്റുകൾ, ബലൂണുകൾ, തൊപ്പികൾ തുടങ്ങിയവയും വില്പനയ്ക്കുണ്ട്.
കൊവിഡ് മൂലം കരോൾ, ക്രിസ്മസ് മത്സരങ്ങൾ, പള്ളികളിലെ ആഘോഷങ്ങൾ തുടങ്ങിയവ ഇല്ലാത്തത് വിപണിയെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.