വാഷിംഗ്ടൺ: കല്യാണ സ്വപ്നങ്ങളിലായിരുന്നു കാലിഫോർണിയ സ്വദേശികളായ പാട്രിക് ഡെൽഗാഡോയും ലോറെൻ ജിമെനെസും. എന്നാൽ, കല്യാണത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ലൊറെന് കൊവിഡ് ബാധിച്ചു. എന്നാൽ, തോറ്റുപിന്മാറാൻ അവരിരുവരും തയ്യാറായിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്താൻ തീരുമാനിച്ചു.
അതിനായി വധുവും വരനും ഇരുനിലകളിൽ നിന്നാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. വീടിന്റെ ആദ്യനിലയിൽ വരനും രണ്ടാംനിലയിൽ വധുവും നിന്നാണ് ചടങ്ങുകളിൽ പങ്കെടുത്തത്. ഇരുവരേയും ബന്ധിപ്പിക്കാനായി പരസ്പരം ഒരു ചരടും കെട്ടി. പരസ്പരം എന്നെന്നേക്കും ചേർന്നു നിൽക്കുമെന്നതിന്റെ പ്രതീകമായിരുന്നു ആ ചരട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ ജസിക്ക ജാക്സണാണ് നവദമ്പതികളുടെ ചിത്രങ്ങൾ അടക്കം വാർത്ത പുറത്തുവിട്ടത്. ഈ പ്രതിസന്ധി ഘട്ടത്തിലും ശുഭാപ്തി വിശ്വാസത്തോടെ തങ്ങളുടെ വിവാഹത്തിന് വേണ്ടി നിലകൊണ്ട ഈ ദമ്പതികൾ ഏറെ പ്രചോദിപ്പിക്കുന്നുവെന്നും ജസിക്ക കുറിപ്പിൽ പറയുന്നു.