തൃശൂർ: തിരഞ്ഞെടുപ്പ് മുൻപേ, നഗത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി പൂത്തോൾ ദിവാൻജിമൂലയിലെ വീതികൂട്ടിയ മേൽപ്പാലം റോഡ് തുറന്നെങ്കിലും മേഖലയിൽ വാഹന അപകടങ്ങൾക്ക് സാദ്ധ്യതയേറെ. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമുള്ള ദിവാൻജിമൂല റോഡിലെ വളവാണ് അപകട ഭീഷണി ഉയർത്തുന്നത്. കെ.എസ്.ആർ.ടി.സി റോഡിൽ നിന്നും പൂത്തോൾ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വളവ് കാണാതിരിക്കാനും അപകടത്തിൽപ്പെടാനും ഇടയുണ്ട്. റോഡിന് അനുബന്ധമായി അരിക് മതിൽ കെട്ടാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സ്ഥല പരിചയമില്ലാത്തവർക്കാണ് റോഡിലെ വളവ് കെണിയാകുന്നത്. റോഡിന് വീതി കൂട്ടിയതോടെ വാഹനങ്ങൾ അതിവേഗത്തിലാണ് ഇതിലൂടെ പോകുന്നത്.
ടാറിംഗ് പൂർത്തിയായി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും റോഡിന്റെ അരിക് വശം ഇടിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കുന്നു. രാത്രികാലങ്ങളിലാണ് അപകടസാദ്ധ്യത കൂടുതൽ. പ്രദേശത്ത് തെരുവ് വിളക്കുകളില്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ദിവാൻജിമൂലയിൽ നിന്ന് പൂത്തോളിലേക്ക് തിരിയുന്നതിന്റെ തുടക്കത്തിൽ റോഡിന് വീതിക്കുറവുള്ളതിനാൽ വാഹനങ്ങൾക്ക് ഞെരുങ്ങിപ്പോകേണ്ട അവസ്ഥയുണ്ട്.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ കോർപറേഷൻ ഭരണ സമിതി ധൃതി പിടിച്ച് ദിവാൻജിമൂല റോഡ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് ശേഷം ഒരു മാസം കഴിഞ്ഞാണ് ടാറിംഗ് പൂർത്തിയാക്കിയത്. റോഡിന്റെ തുടർനിർമ്മാണം ശാസ്ത്രീയമായി നടത്തിയില്ലെങ്കിൽ അപകടങ്ങൾക്ക് വഴി വയ്ക്കുമെന്നാണ് ആശങ്ക.
"റോഡരികിലെ മതിൽ നിർമ്മാണം നടന്നുവരികയാണ്. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പുതിയ ഭരണസമിതി തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷ.
- അജിത ജയരാജൻ, മുൻ മേയർ, തൃശൂർ
"ദിവാൻജിമൂലയിൽ അശാസ്ത്രീയ നിർമ്മാണം ഏറെയുണ്ട്. തിരഞ്ഞെടുപ്പ് സമയമായതിനാൽ അതേപ്പറ്റി കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല.
- രാജൻ ജെ. പല്ലൻ, കോൺഗ്രസ്.
"റോഡിലായാലും വീടിലായാലും ജനങ്ങളുടെ സുരക്ഷിതത്വത്തിന് വഴിയൊരുക്കേണ്ടത് കോർപറേഷന്റെ ഉത്തരവാദിത്വമാണ്. ദിവാൻജിമൂല പാതയിൽ സുരക്ഷിത സഞ്ചാരം ഒരുക്കുന്നതിൽ കോർപറേഷൻ തികഞ്ഞ പരാജയമാണ്.
- അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി.