വാഷിംഗ്ടൺ. ഗ്രീൻകാർഡിനായി അമേരിക്കയിൽ കാത്തിരിക്കുന്നവർക്ക് ആശ്വാസമായ സെനറ്റ് തീരുമാനത്തിനു പുറമെ വിസ നിയന്ത്രണങ്ങൾ പലതുമെടുത്തു കളഞ്ഞ് കഴിഞ്ഞ ദിവസം കാലിഫോർണിയ കോടതി പുറപ്പെടുവിച്ച വിധി ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് കൂടുതൽ ഗുണകരമാവും.
ഐ.ടി കമ്പനികളിൽ എൻട്രി ലെവലിലുള്ള ജോലികൾ കൂടുതൽ പരിചയസമ്പന്നരായവർക്ക് മാത്രം നൽകിയാൽ മതിയെന്ന് ഡൊണാൾഡ് ട്രംപ് വ്യവസ്ഥ ചെയ്തിരുന്നു.അത് കോടതി ഇളവ് ചെയ്തത് കൂടുതൽ ഐ.ടി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് വിദേശകാര്യ നിരീക്ഷകനായ ഡോ.സി.എ.ജോസുകുട്ടി പറഞ്ഞു. ട്രംപിന്റെ നിബന്ധനമൂലം ജോലി നഷ്ടമായവർക്ക് അവരുടെ തൊഴിൽ വിസ പുതുക്കാൻ ഇനി വഴി തെളിയിക്കും.
" അമേരിക്കൻ ഐ.ടി കമ്പനികളിൽ ജോലി ചെയ്യുന്നവർ ഏത് രാജ്യങ്ങളിൽ നിന്നുള്ളവരായാലും അമേരിക്കക്കാർക്കു നൽകുന്ന ഉയർന്ന ശമ്പളം നൽകണമെന്നായിരുന്നു ട്രംപ് ഏർപ്പെടുത്തിയിരുന്ന മറ്റൊരു വ്യവസ്ഥ.ഇത് മൂലം ഇന്ത്യയിൽ നിന്നടക്കം ഐ.ടി പ്രൊഫഷണലുകളെ അമേരിക്കയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് കുറഞ്ഞിരുന്നു.താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ പുറം രാജ്യങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയിരുന്ന ആ നിയന്ത്രണവും കോടതി ഒഴിവാക്കിയിട്ടുണ്ട്.ഇത് ഈ മേഖലയിൽ വിദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുമെന്ന് " ജോസുകുട്ടി പറയുന്നു.കാലിഫോർണിയ കോടതി വിധി അമേരിക്കയിലാകെ ബാധകമാണ്. ഗ്രീൻകാർഡ് സംബന്ധിച്ച് സെനറ്റ് പാസാക്കിയ ബിൽ ഇനി ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ് കൂടി പാസാക്കേണ്ടതുണ്ട്.അവിടെ എതിർപ്പ് വരില്ലെന്നും ജോസ് കുട്ടി പറഞ്ഞു.