ചാലക്കുടി: പ്രമുഖ വനിതകൾ ഏറ്റുമുട്ടുന്ന ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനിൽ ഇത്തവണത്തെ മത്സരത്തിന് തീപാറുന്ന ആവേശം. അഡ്വ. കെ.ആർ സുമേഷിന്റെ തുടർച്ചയ്ക്കായി എൽ.ഡി.എഫ് കളത്തിലിറക്കിയിരിക്കുന്നത് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ ഷീജുവിനെ. ഇടയ്ക്ക് നഷ്ടപ്പെട്ട ഡിവിഷൻ തിരിച്ചുപിടിക്കുകയെന്ന ദൗത്യം യു.ഡി.എഫ് ഏൽപ്പിച്ചിരിക്കുന്നത് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല സുബ്രഹ്മണ്യനെയും. മഹിളാ മോർച്ചയുടെ ജില്ലാ വൈസ് പ്രസിഡന്റ് സരസ്വതി രവിയാണ് ബി.ജെ.പിക്കായി മത്സരിക്കുക. ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ 40 കോടിയുടെ വികസന പ്രവർത്തനങ്ങളിലൂന്നിയാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെയും ഇന്നസെന്റ് എം.പിയുടെയും വിവിധ പദ്ധതികൾ നടപ്പിലാക്കിയത് തനിക്ക് അനുകൂലമാകുമെന്ന് ഷീജു പറയുന്നു. ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും കൊരട്ടി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച കാലഘട്ടത്തിൽ നടത്തിയ വികസന പ്രവർത്തനം ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ലീല സുബ്രഹ്മണ്യൻ ഉറച്ചു വിശ്വസിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ അട്ടമറിക്കുന്നവർക്കുള്ള ജനത്തിന്റെ മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്ന് ബി.ജെ.പി സ്ഥാനാർത്ഥി സരസ്വതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ അഡ്വ. കെ.ആർ സുമേഷ് ജയിച്ചത് 4500 വോട്ടുകൾക്കാണ്. പരിചയ സമ്പന്നരായ വനികൾ പടവെട്ടുമ്പോൾ കൊരട്ടി ഡിവിഷനിൽ നടക്കുന്നത് പൊരിഞ്ഞ പോരാട്ടമാകും.