കൊല്ലം: കൊട്ടാരക്കര എസ്.സി/ എസ്.ടി കോടതി സൂപ്രണ്ട് മങ്ങാട് കല്ലേലിൽ പടിഞ്ഞാറ്റതിൽ രഞ്ജിത്തിനെയും കുടുംബത്തെയും അക്രമിച്ച കേസിലെ പ്രതികളെ കിളികൊല്ലൂർ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു. മങ്ങാട് ചിറയിൽ തൊടിയിൽ പ്രതിൻ (35), മങ്ങാട് ദാസ് ഭവനിൽ ജിജോദാസ് എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മങ്ങാട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. നവംബർ 28ന് രാത്രി 9 ഓടെയാണ് പ്രതികൾ രഞ്ജിത്തിനെയും കുടുംബത്തെയും ആക്രമിച്ചത്. പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതികൾ വീണ്ടും ആക്രമണം നടത്തി. വഴിയിൽ തടഞ്ഞുനിറുത്തി കാർ അടിച്ച് തകർത്ത് ശേഷമായിരുന്നു ആക്രമണം. കിളികൊല്ലൂർ ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിൻ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.