കൊച്ചി: മുന്നണികളോട് പൊരുതി ട്വന്റി 20 ചെല്ലാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെല്ലാനത്ത് രൂപീകരിക്കപ്പെട്ട ജനകീയ ബദൽ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ ശക്തമാക്കിയിരിക്കുന്നത്. 21 വാർഡുകളിൽ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികളും പ്രവർത്തകരും രണ്ടാംഘട്ട ഗൃഹസന്ദർശനത്തിലാണ്. കിഴക്കമ്പലം മാതൃകയിൽ രൂപീകൃതമായ രാഷ്ട്രീയേതര കൂട്ടായ്മ മുന്നണികൾക്ക് വെല്ലുവിളിയായിട്ടുണ്ട്.
കടൽകയറ്റത്തിലും കൊവിഡിലും സഹികെട്ട്
എറണാകുളത്തെ തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് വർഷകാലത്ത് കടലേറ്റം തുടർക്കഥയാണ്. കഴിഞ്ഞ തവണത്തെ വേലിയേറ്റം ചെല്ലാനത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടിലാഴ്ത്തി. കൊവിഡ് വ്യാപനം കൂടിയായതോടെ മറ്റു മുന്നണി സംവിധാനങ്ങൾ കണ്ടൈയ്മെന്റ് സോണിൽ തീർത്ത ബാരിക്കേടുകൾക്കപ്പുറം നോക്കുകുത്തിയായി നിൽക്കേണ്ടിവന്നു. ഇതിൽ നിന്നാണ് ചെല്ലാനത്തെ ട്വന്റി -20 കൂട്ടായ്മയുടെ തുടക്കം. തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ വാഗ്ദാനമായി മാത്രം ഒതുങ്ങിയ പുലിമുട്ട്, ജിയോ ബാഗ് നിർമ്മാണവുമായി എത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് നേരെ ജനങ്ങൾ മുഖം തിരിച്ചു തുടങ്ങിയത് കൂട്ടായ്മയ്ക്ക് വളരാനുള്ള നിലമൊരുക്കി. വർഷങ്ങളോളം സമരം ചെയ്തിട്ടും മാറിമാറി ഭരിച്ച മുന്നണികളൊന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നാണ് പരാതി.
ഗ്രാമത്തിന്റെ രക്ഷയ്ക്ക്
കടലേറ്റം രൂക്ഷമായ ജൂലായിൽ ചെല്ലാനം സ്വദേശിയായ ബിജു പവിഴമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശയം അവതരിപ്പിച്ചത്. ദുരിതക്കയത്തിൽ നിൽക്കുന്ന ജനങ്ങൾ പിന്തുണച്ചു. ട്വന്റി -20 ചെല്ലാനം ഗ്രാമത്തിന്റെ രക്ഷയ്ക്ക് എന്ന പേജ് തുടങ്ങി. നിരവധി ചെല്ലാനം സ്വദേശികൾ ഗ്രൂപ്പിൽ അംഗങ്ങളാണ്. തിരഞ്ഞെടുപ്പ് 21 വാർഡിൽ മത്സരിക്കുന്നതിൽ 14 പേർ വനിതകളാണ്. നിരവധി സ്ത്രീകൾ പ്രചരണത്തിന് മുൻപന്തിയിലുണ്ട്. പഞ്ചായത്തിന്റെ 21 വാർഡിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളിലും 50 - 60 പേർ അംഗങ്ങളായുണ്ട്. ഇവർ വഴിയാണ് ആശയങ്ങൾ പങ്കുവയ്ക്കുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും.
കിഴക്കമ്പലം ട്വന്റി -20 യുമായി ബന്ധമില്ല
കിഴക്കമ്പലം ട്വന്റി-20 യാണ് പ്രചോദനമെങ്കിലും ചെല്ലാനത്തെ കൂട്ടായ്മയ്ക്ക് അവരുമായി ബന്ധമൊന്നുമില്ല. പുലിമുട്ടും കടൽഭിത്തിയും നിർമ്മിക്കുക, എല്ലാ വാർഡിലും നല്ല റോഡുകൾ, വീടില്ലാത്തവർക്ക് വീട് വച്ചുകൊടുക്കാൻ സഹായം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.
പവിഴം ബിജു
ട്വന്റി -20 ചെല്ലാനം