കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതിയായ വെമ്പായം സ്വദേശി സനൽ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ കോടതി വേഗത്തിലാകുമെന്നു പ്രതീക്ഷയെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ആഗസ്റ്റ് 30 നാണ് വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ വച്ച് ഡി.വൈ. എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർ വെട്ടേറ്റു മരിച്ചത്. കോൺഗ്രസ് - ഡി. വൈ.എഫ്. ഐ പ്രവർത്തകർ തമ്മിൽ നിലനിന്ന രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് ഇരുവരെയും പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്.
സെപ്തംബർ ഒന്നിന് അറസ്റ്റിലായ സനൽ അന്നു മുതൽ റിമാൻഡിലാണ്. തന്നെ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് കുടുക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമിടയാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ കുറ്റപത്രം നൽകിക്കഴിഞ്ഞു. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ വിചാരണ ഉടൻ തുടങ്ങുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.