SignIn
Kerala Kaumudi Online
Monday, 12 April 2021 4.11 AM IST

ചുഴലി ആഞ്ഞടിച്ചാലും ഫയർസ്റ്റേഷൻ വരില്ല

fireforce

വീണ്ടും മറ്റൊരു ചുഴലിക്കാറ്റും പ്രളയ ഭീഷണിയും മുന്നിലെത്തുമ്പോൾ നെഞ്ച് പിടയ്ക്കുന്നത് ഫയർഫോഴ്സിനാണ്. രണ്ട് പ്രളയങ്ങളിൽ മലപ്പുറം മുങ്ങിയപ്പോൾ അവശ്യ സംവിധാനങ്ങളും ഉപകരണങ്ങളുമില്ലാതെ രക്ഷാപ്രവർത്തനത്തിന് നെട്ടോട്ടമോടേണ്ടി വന്നിട്ടുണ്ട്. പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട വെല്ലുവിളികളൊന്നും ഫയർഫോഴ്സ് ഉന്നതമേധാവികൾക്ക് ഇനിയും പാഠമായിട്ടില്ല.

കേരളത്തിൽ സ്ഥാപിക്കേണ്ട ഫയർ സ്റ്റേഷനുകൾ സംബന്ധിച്ച് 2002ൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനത്തിൽ മലപ്പുറത്ത് 37 ഫയർ സ്റ്റേഷനുകളുടെ ആവശ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ഫയർസ്റ്റേഷനുകൾ വേണ്ടത് മലപ്പുറത്താണ്. 21 റൂറലും 16 അർബൻ ഫയർസ്റ്റേഷനും വേണമെന്നാണ് കണ്ടെത്തൽ. 2015ൽ ഫയർഫോഴ്സ് നവീകരണ കമ്മിഷൻ ചെയർമാൻ ജാംഗ്പാംഗിയുടെ റിപ്പോർട്ടിലും മലപ്പുറത്ത് 16 ഇടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. രണ്ട് പ്രളയങ്ങളിലും വലിയ ദുരിതം പേറിയ കാളികാവ്, അരീക്കോട്, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂർ അടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു.

ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ഫയർ സ്റ്റേഷൻ എന്ന സർക്കാർ‌ നയപ്രകാരം പോലും മലപ്പുറത്ത് 16 സ്റ്റേഷനുകൾ വേണം. നിലവിൽ ഏഴ് ഫയർ സ്റ്റേഷനുകളാണുള്ളത്. ഇതിൽ തന്നെ രണ്ടെണ്ണം മിനി ഫയർസ്റ്റേഷനുകളാണ്. തീപിടുത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ 20 കിലോ മീറ്ററിലധികം താണ്ടിയെത്തേണ്ട സ്ഥലങ്ങൾ പോലും ഫയർസ്റ്റേഷനുകളുടെ പരിധികളിലുണ്ട്. ഇടുങ്ങിയ നഗരവഴികളും പുഴയോര റോഡുകളും പിന്നിട്ട് വേണം പലയിടങ്ങളിലും എത്താൻ. കൃത്യസമയത്ത് രക്ഷാപ്രവ‌ർത്തനം നടത്തുന്നതിൽ പോലും ഇത് വിഘാതം സൃഷ്ടിക്കുന്നുണ്ട്.

ജില്ലയുടെ വിസ്തൃതി കണക്കിലെടുത്ത് കൂടുതൽ ഫയർ സ്റ്റേഷനുകൾ അനുവദിക്കണമെന്ന ആവശ്യം മാറിമാറി വരുന്ന സർക്കാരുകൾ ഒന്നും പരിഗണിക്കുന്നില്ല. ചാലിയാറിന്റെ തീരങ്ങളോടനുബന്ധിച്ച് വലിയ ഫയർ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന ആവശ്യം രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിലും അവഗണിക്കപ്പെടുന്നു. മലയോര പ്രദേശങ്ങളായ പോത്തുകല്ല്, എടക്കര, കാളികാവ് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകളില്ലാത്തത് പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ചാലിയാറും ഏഴോളം വരുന്ന കൈവഴികളും ഒഴുകുന്ന ഈപ്രദേശങ്ങൾ പ്രളയകാലയളവിൽ തുരുത്തുകളായി മാറിയിരുന്നു. പലയിടങ്ങളിലും രക്ഷാപ്രവർത്തനത്തിന് എത്തിപ്പെടാൻ പോലും ഫയർഫോഴ്സിന് കഴിഞ്ഞില്ല. ഇവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾ സ്ഥാപിച്ചാൽ മാത്രമേ അടിയന്തിര ഘട്ടങ്ങളിൽ ഫലപ്രദമായി സേവനം ഉറപ്പാക്കാനാവൂ. ഇതിനുള്ള നടപടികൾ ഇനി ഉണ്ടാവേണ്ടതുണ്ട്.

മലയോര മേഖലയ്ക്ക്

നിലമ്പൂർ മാത്രം

കവളപ്പാറ ദുരന്തമുണ്ടാക്കിയ ഞെട്ടലിൽ നിന്ന് ഇപ്പോഴും മലയോരം മുക്തമായിട്ടില്ല. 59 ജീവനുകൾ മണ്ണിനടിയിലായത് പുറംലോകമറിഞ്ഞത് തൊട്ടടുത്ത ദിവസം. ചാലിയാ‌ർ നിലവിട്ട് ഒഴുകിയതോടെ കവളപ്പാറ ഉൾപ്പെടുന്ന മലയോര മേഖലകളിലേക്ക് എത്തിപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണ് ദുരന്ത ഭൂമികയിൽ രക്ഷാപ്രവ‌ർത്തനത്തിന് എത്തിയത്. എടക്കരയിലോ പോത്തുകല്ലിലോ ഒരു ഫയർസ്റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിനും വിവരങ്ങൾ യഥാസമയം അറിയാനും ഉപകരിച്ചേനെ. കവളപ്പാറ ദുരന്തത്തിന് ശേഷം ഇവിടങ്ങളിൽ ഫയർസ്റ്റേഷൻ തുടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെങ്കിലും തുടർനടപടികൾ നിലച്ചു.

ഇനി എന്നൊരുക്കും ഇവ

ജില്ലയിൽ ജീവനക്കാരുടെ കുറവ് മൂലം ഗുരുവായൂർ, മണ്ണാർക്കാട്, ഷൊർണൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനാംഗങ്ങളെ എത്തിച്ചാണ് പ്രളയ സമയങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഏതാനം മാസങ്ങൾക്ക് മുമ്പും പ്രളയ സമാനമായ സാഹചര്യമുണ്ടായപ്പോൾ പാലക്കാട്, തൃശൂർ ജില്ലകളെ ആശ്രയിക്കേണ്ടി വന്നു. ജീവനക്കാരുടെ കുറവിനൊപ്പം ജീവൻ രക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും ജില്ല ഏറെ പിന്നിലാണ്. ജില്ലയിൽ ഏഴ് ഫയർ സ്റ്റേഷനുകളിൽ നാലിടങ്ങളിലേ റബ്ബർ ഡിങ്കിയും ഇതിൽ ഘടിപ്പിക്കുന്ന മോട്ടോറുമുള്ളൂ. റബർ ഡിങ്കികളുടെയും ഒ.ബി. എൻജിനുകളുടെയും ഫോർ വീൽ ഡ്രൈവുള്ള എം.യു.വികളുടെയും എണ്ണക്കുറവ് പെട്ടെന്നുള്ള രക്ഷാപ്രവർത്തനം അസാദ്ധ്യമാക്കും. ഒരു ഫയർസ്റ്റേഷനിൽ ഏറ്റവും കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഒരുക്കി ഇത് മറികടക്കണമെന്നുമാണ് ജില്ലാ അഗ്നിശമന സേനയുടെ ആവശ്യം. പ്രളയവും ചുഴലിക്കാറ്റുകളുടെ ഭീഷണിയും ആവർത്തിക്കപ്പെടുമ്പോഴും ഫയർഫോഴ്സ് ജില്ലയിൽ മുടന്തിയാണ് നീങ്ങുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MALAPPURAM DIARY, FIRE STATION
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.