കൊച്ചി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർത്ഥികളുടെ പേരുകളും ചിഹ്നങ്ങളും അടങ്ങിയ ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിംഗ് 6, 7 തിയതികളിൽ നടക്കും. ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്. സുഹാസിൽ നിന്ന് വരണാധികാരികൾ ഏറ്റുവാങ്ങി. ജില്ലയിലെ 10 ബ്ലോക്കുകളിലെ വരണാധികാരികൾ ഇന്നലെ യന്ത്രങ്ങൾ ഏറ്റുവാങ്ങി. ഇന്ന് ബാക്കി നാല് ബ്ലോക്ക് പഞ്ചായത്തുകളിലെയും 13 മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനിലെയും വരണാധികാരികൾക്ക് യന്ത്രങ്ങൾ നൽകും. വിതരണ, സ്വീകരണകേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്.
ഒരു വാർഡിൽ പതിനഞ്ചിൽ കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ അധികമായി ഒരു ബാലറ്റ് യൂണിറ്റുകൂടി ഉൾപ്പെടുത്തും. കാൻഡിഡേറ്റ് സെറ്റിംഗിനു ശേഷം മോക്പോൾ നടത്തി പ്രവർത്തനം പരിശോധിക്കും.കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ വരണാധികാരികളുടെ മേൽനോട്ടത്തിൽ സ്ട്രോംഗ് റൂമുകളിൽ സൂക്ഷിക്കും. ഡിസംബർ ഒൻപതിന് യന്ത്രങ്ങളും പോളിംഗ് സാമഗ്രികളും വിതരണം ചെയ്യും.