കൊച്ചി: തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരിൽ ജില്ലയിൽ നീക്കം ചെയ്തത് 3,865 പ്രചാരണ സാമഗ്രികൾ. പോസ്റ്ററുകൾ, ഫ്ളക്സുകൾ, ബാനറുകൾ, ബോർഡുകൾ, കൊടികൾ, ചുവരെഴുത്ത് എന്നിവ ഉൾപ്പടെയാണിത്. കണയന്നൂർ താലൂക്ക് പരിധിയിലാണ് ഏറ്റവുമധികം വസ്തുക്കൾ നീക്കിയത്, 908 എണ്ണം. എല്ലാ താലൂക്കുകളിലും തഹസിൽദാർമാരുടെ നേതൃത്വത്തിൽ ഡീഫെയ്സ്മെന്റ് സ്ക്വാഡാണ് പെരുമാറ്റച്ചട്ടം പാലിച്ച് സാമഗ്രികൾ സ്ഥാപിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നത്. അല്ലാത്തവ നീക്കം ചെയ്യും.
കൊച്ചി താലൂക്കിൽ 606 ഉം ആലുവയിൽ 779 ഉം കുന്നത്തുനാട്ട് 345 ഉം മൂവാറ്റുപുഴയിൽ 646 ഉം കോതമംഗലത്ത് 437 ഉം പറവൂരിൽ 144 എണ്ണവും നീക്കം ചെയ്തു.സർക്കാർ ഓഫീസുകളുടെ ചുമരുകളിലും പരിസരത്തുമുള്ള നോട്ടീസുകൾ, ബാനറുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന പ്രചാരണ സാമഗ്രികൾ, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിക്കുന്നവ എന്നിവ ചട്ടലംഘനങ്ങളിൽ ഉൾപ്പെടും.