യുവതിക്ക് പ്രസവാനന്തര പരിചരണം ഉറപ്പാക്കി പൊലീസ്
നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്നു വീടിനു പിന്നിൽ കുഴിച്ചുമൂടിയ കേസിൽ പിടിയിലായ പനവൂർ മാങ്കുഴിയിൽ തോട്ടിൻകര കുന്നിൻപുറത്ത് വീട്ടിൽ വിജി (29) കാമുകനൊപ്പം ജീവിക്കാനാണ് കൊല നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. പ്രസവാനന്തര പരിചരണം ലഭ്യമാക്കാൻ യുവതിയെ പൊലീസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ചില പച്ചില മരുന്നുകൾ അരച്ചുകുടിച്ച് കൃത്രിമമായി പുറത്തെടുത്ത കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിജി മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിൽ ഇത് സ്ഥിരീകരിച്ചതായി അധികൃതരും സൂചിപ്പിച്ചു.
ആശുപത്രിയിൽ കഴിയുന്ന വിജിയെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് ആലോചന. കുഞ്ഞിനെ കൊന്നത് പോത്തൻകോട് സ്വദേശിയായ കാമുകനൊപ്പം ജീവിക്കാനാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബുധനാഴ്ച രാത്രി വിജിയുടെ വീടിന് സമീപത്ത് നിന്ന് സംശയാസ്പദമായി നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച യുവാവ് പോത്തൻകോട് സ്വദേശി അല്ല. ഇയാൾക്ക് സംഭവത്തിൽ ബന്ധമില്ലെന്നാണ് സൂചന. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും പിതൃത്വം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ യുവതി തയ്യാറായിട്ടില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിജിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ രാജേഷ്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. നാല് വർഷമായി ബാലരാമപുരം സ്വദേശിയായ ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതി ഗർഭിണിയായ സാഹചര്യം പൊലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്.