തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളം ശക്തമായ ത്രികോണപ്പോരിൽ. നാല് മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായി ഇതിനെ കാണുന്ന മൂന്ന് മുന്നണികളും ഗോദയിൽ പ്രകടിപ്പിക്കുന്നത് അടങ്ങാത്ത വീറും വാശിയും.
2015 ഫലം ആവർത്തിക്കാൻ ഇടതുമുന്നണിയും, 2010ലെ നിലയിലേക്ക് മടങ്ങാൻ യു.ഡി.എഫും മത്സരിക്കുമ്പോൾ 2015ൽ നിന്ന് മുന്നേറാനുള്ള വാശിയിലാണ് എൻ.ഡി.എ.
അധികാരത്തിലിരുന്ന യു.ഡി.എഫ് സർക്കാരിനെ ചുറ്റിവരിഞ്ഞ ആരോപണങ്ങളാൽ കലുഷിതമായ അന്തരീക്ഷത്തിൽ നടന്ന 2015ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു തരംഗം. ഏറെക്കുറെ സമാനമായ ആരോപണങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് ഇന്ന് അധികാരത്തിലുള്ള ഇടതുമുന്നണിയും. ഈ പ്രതിസന്ധി യു.ഡി.എഫ് നേരിട്ടത് പോലെയല്ലെന്ന് വിശ്വസിക്കാൻ ഇടതുമുന്നണിയെ പ്രേരിപ്പിക്കുന്നത്, സർക്കാർ ഉയർത്തിക്കാട്ടുന്ന വികസനനേട്ടങ്ങളിൽ അവരർപ്പിക്കുന്ന പ്രതീക്ഷയാണ്. ലൈഫ് ഭവനസമുച്ചയങ്ങളും സർക്കാർ സ്കൂളുകളുടെ നവീകരണവും റോഡ് നവീകരണവും ആശുപത്രി നവീകരണവും കൊവിഡ് പ്രതിരോധകാലത്തെ സമൂഹ അടുക്കളയും ഇപ്പോഴും തുടരുന്ന ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം ജനമുൾക്കൊള്ളുമെന്നാണ് പ്രതീക്ഷകൾക്കാധാരം.
ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതം ഇടതുമുന്നണി മറികടന്നത് തൊട്ടുപിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ നേട്ടം കൊണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അത് നൽകിയ ആത്മവിശ്വാസവും ആശ്വാസവും വലുതായിരുന്നു. പ്രളയകാലത്തും കൊവിഡ് കാലത്തുമടക്കം നടത്തിയ ഇടപെടലുകളും പിന്നീട് ഇടതിന്റെ തുടർഭരണപ്രതീക്ഷകൾക്ക് ജീവൻ വയ്പിച്ചെങ്കിൽ, കൊവിഡ് കാലത്ത് തന്നെ ഉടലെടുത്ത വിവാദങ്ങളിൽ തട്ടി അവർക്ക് പ്രതിരോധത്തിലേക്ക് ഉൾവലിയേണ്ടിയും വന്നു. പ്രധാനമായും വിവാദനിഴലിൽ കേന്ദ്രബിന്ദുവായി നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസും. സ്വർണ്ണക്കടത്ത് വിവാദം വന്നതോടെ മുറുകിയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഒറ്റമൂലികൾക്ക് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിന് അഭിമാനപ്രശ്നമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ നേതൃത്വത്തിൽ ഇടതുമുന്നണിക്ക് കളത്തിലിറങ്ങേണ്ടി വരുമ്പോൾ പ്രത്യേകിച്ചും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവ് പ്രകടമാക്കിയ യു.ഡി.എഫ് പിന്നീട് ഉപതിരഞ്ഞെടുപ്പുകളിൽ സംഘടനാദൗർബല്യം പ്രകടമാക്കുന്നതാണ് കണ്ടത്. അതിനെ അതിജീവിക്കുന്ന പോരാട്ടത്തിലൂടെയേ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘടനാ ഉണർവ്വ് സാദ്ധ്യമാകൂ എന്നവർ തിരിച്ചറിയുന്നു.ബി.ജെ.പി ഉണ്ടാക്കിയ നേട്ടങ്ങൾ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും നല്ലപോലെ ബാധിച്ച തിരഞ്ഞെടുപ്പായിരുന്നു 2015ലേത്. ഇത്തവണയും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ സജീവസാന്നിദ്ധ്യം ഇരുമുന്നണികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
കോർപ്പറേഷനുകളിൽ 3 - 3ഉം ജില്ലാ പഞ്ചായത്തുകളിൽ 7- 7ഉം ആയിരുന്നു 2015ലെ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നില. ബി.ജെ.പി തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിലും പാലക്കാട് മുനിസിപ്പാലിറ്റിയിലും അക്കുറി കറുത്ത കുതിരകളായി. മുനിസിപ്പാലിറ്റികളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി. 1200 തദ്ദേശസ്ഥാപനങ്ങളിൽ 693ഇടത്ത് എൽ.ഡി.എഫും 480ഇടത്ത് യു.ഡി.എഫും 16ഇടത്ത് ബി.ജെ.പിയും വിജയമുണ്ടാക്കി. 47ശതമാനം വോട്ട് നേടിയെടുത്ത ഇടതുമുന്നണി തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഏതാണ്ട് അതേ നില കൈവരിച്ചു. 40ശതമാനം വോട്ട് നേടിയ യു.ഡി.എഫിന് നിയമസഭയിൽ താഴോട്ട് പോകേണ്ടി വന്നെങ്കിൽ തദ്ദേശതിരഞ്ഞെടുപ്പിലെ ആറ് ശതമാനത്തിൽ നിന്ന് 15ശതമാനത്തിലേക്ക് വോട്ടുനില ഉയർത്തുകയായിരുന്നു ബി.ജെ.പി. ഇത്തവണത്തെ സെമിഫൈനലിനെ ആവേശഭരിതമാക്കുന്നത് ഈ കണക്കുകൾ.