മഞ്ചേരി: 'സ്വതന്ത്രസാരഥി വാർഡിൽ വരവായ്, വികസന പുതുപുലരികൾ വിടരാൻ '.... അമ്മയെ പാട്ടുപാടി വിജയിപ്പിക്കാൻ അമ്മു റെക്കോർഡിംഗ് സ്റ്റുഡിയോയിലാണ്. പത്താംതരം വിദ്യാർത്ഥിയായ മീര എന്ന അമ്മുവാണ് മഞ്ചേരി 25-ാം വാർഡിൽ നിന്നും യു.ഡി.എഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. രജിതയ്ക്കായി തിരഞ്ഞെടുപ്പ് ഗാനമാലപിച്ചിരിക്കുന്നത്. മകൾ തന്നെ അതിമനോഹരമായി പാടുമ്പോൾ പ്രചാരണ ഗാനം ആലപിക്കാൻ രജിതയ്ക്ക് മറ്റാരേയും അന്വേഷിക്കേണ്ടി വന്നില്ല. അമ്മക്ക് വേണ്ടി മാത്രമല്ല രജിതയുടെ സഹോദരനും പാണ്ടിക്കാട് പഞ്ചായത്ത് അഞ്ചാംവാർഡിലെ സ്ഥാനാർത്ഥിയുമായ രമേശിനുവേണ്ടിയും അമ്മു ഗാനം ആലപിച്ചിട്ടുണ്ട്.
സിനിമാഗാനത്തിന്റെ പാരഡിയായി അമ്മയ്ക്കുവേണ്ടി പ്രചാരണഗാനം ആലപിച്ചപ്പോൾ
അമ്മു സോഷ്യൽ മീഡിയയിൽ ഹിറ്റായി. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് മീര. ജില്ലാ, ഉപജില്ലാ, സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലെല്ലാം വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. തുടർച്ചയായി ഇതു രണ്ടാംതവണയാണ് രജിത ജനവിധി തേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താമരശ്ശേരി വാർഡിൽ മത്സരിച്ച് വിജയിച്ചാണ് മഞ്ചേരി നഗരസഭയിൽ കൗൺസിലറായത്.